പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ യുവാക്കൾ അറസ്റ്റിൽ|youths arrested for theft gold from minor girl
Last Updated:
പൂജപ്പുര സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയിൽ നിന്നാണ് യുവാക്കൾ സ്വർണം തട്ടിയെടുത്തത്
തിരുവനന്തപുരം: പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയിൽ നിന്നാണ് യുവാക്കൾ പലപ്പോഴായി പന്ത്രണ്ടു പവൻ സ്വർണം തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയെ യുവാവ് സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. അതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് യുവാക്കളെ കുരിക്കിലാക്കിയത്. കുട്ടിയെ പോലീസ് എറണാകുളത്ത് നിന്നും കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് യുവാവിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾക്ക് സ്വർണം നൽകിയ വിവരം പോലീസിന് ലഭിച്ചത്.
പെൺകുട്ടിയിൽ നിന്നും പലതവണയായി സ്വർണം കൈപറ്റിയശേഷം പ്രതികൾ അത് വിറ്റ് ബൈക്ക്, ടെലിവിഷൻ എന്നിവ വാങ്ങിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 27, 2025 11:22 AM IST
പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ യുവാക്കൾ അറസ്റ്റിൽ