Leading News Portal in Kerala

‘പാപ്പിയോൺ’; ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ എഴുതിയ വ്യക്തിയുടെ അവിശ്വസനീയ ജീവിതം Henry Charriers Papillon The story of the prison escape that shocked the world


Last Updated:

എതാണ്ട് എട്ട് തവണയാണ് അതി സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്

പാപ്പിയോൺ പുസ്തകം, ഹെൻറി ഷാരിയർ( ചിത്രം കടപ്പാട്; വിക്കിപ്പീഡിയ)പാപ്പിയോൺ പുസ്തകം, ഹെൻറി ഷാരിയർ( ചിത്രം കടപ്പാട്; വിക്കിപ്പീഡിയ)
പാപ്പിയോൺ പുസ്തകം, ഹെൻറി ഷാരിയർ( ചിത്രം കടപ്പാട്; വിക്കിപ്പീഡിയ)

ജയിൽചാട്ടങ്ങളുടെ കഥകൾ അവിശ്വസനീയമാണ്.അത്തരത്തിൽ അവിശ്വസനീയമായ വിവരണങ്ങളുള്ള ഒരു പുസ്തകമാണ്

പാപ്പിയോൺ. അതിലേറേ അവിശ്വസനീമാണ് അതിന്റെ രചയിതാവിന്റെ കഥ. ഫ്രഞ്ച് ഗയാനയിലെ ഒരു പീനൽ കോളനിയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഹെൻറി ഷാരിയർ (1906 – 1973) എന്നയാൾ പല തവണ ജയിൽ ചാടാൻ ശ്രമിച്ചു. പലതവണ ശ്രമിച്ചതിന് ശേഷം അതിക്രൂരമായ ജയിലിൽ നിന്ന് ഷാരിയർ രക്ഷപെട്ടു. പിന്നീട് 1969-ൽ ഒരു തടവുകാരൻ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പാപ്പിയോൺ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമുള്ള ആളുകൾ ആകാംഷയോടെയാണ് ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ അവനുഭവ കഥ വായിച്ചറിഞ്ഞത്.

അറസ്റ്റും തടവും

കൗമാരപ്രായത്തിൽ ഫ്രഞ്ച് നാവികസേനയിൽ ചേർന്ന ഷാരിയർ രണ്ട് വർഷത്തെ സേവനത്തിന് ശേഷം പാരീസിലേക്ക് മടങ്ങിയെത്തി. പിന്നീട് ഫ്രഞ്ച് ക്രിമിനൽ അധോലോകത്തിലായിരുന്നു ഷാരിയറിന്റെ ജീവിതം. 1932-ൽ മോണ്ട്മാർട്രെയിൽ നിന്നുള്ള റോളണ്ട് ലെഗ്രാൻഡ് എന്ന ഗുണ്ടാ നേതാവിന്റെ കൊലപാതകത്തിന് ഷാരിയർ അറസ്റ്റിലായി. നിരപരാധിയാണെന്ന് പറഞ്ഞുവെങ്കിലും കോടതി ഷാരിയറെ കുറ്റക്കാരനെന്ന് കണ്ടെത്തി ഫ്രഞ്ച് ഗയാനയിലെ സെന്റ് ലോറന്റ് ഡു മറോണി പീനൽ കോളനിയിൽ പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

പീനൽ കോളനിയിലെ സാഹചര്യങ്ങൾ ക്രൂരമായിരുന്നു. മറ്റു രണ്ട് സഹ തടവുകാരുമായി സൌഹൃദം ഉണ്ടാക്കിയ ഷാരിയർ 1933 നവംബറിൽ, സെന്റ് ലോറന്റിൽ നിന്ന് ഒരു ചെറിയ തുറന്ന ബോട്ടിൽ രക്ഷപ്പെട്ടു.അഞ്ച് ആഴ്ചയ്ക്കുള്ളിൽ ഏകദേശം രണ്ടായിരം മൈൽ സഞ്ചരിച്ച ശേഷം ഒരു കൊളംബിയൻ ഗ്രാമത്തിന് സമീപം അവർ എത്തിച്ചേർന്നു. അവിടെ വച്ച് അവർ വീണ്ടും പിടിക്കപ്പെട്ടെങ്കിലും ഷാരിയർ അവിടെ നിന്നും വീണ്ടും രക്ഷപെട്ടു.പിന്നീട് പ്രസിദ്ധീകരിച്ച തന്റെ അർദ്ധ-ജീവചരിത്ര നോവലായ പാപ്പിയോണിൽ, വടക്കൻ കൊളംബിയയിലെ ഗുവാജിറ ഉപദ്വീപിലേക്ക് താൻ എത്തിയെന്നും, തുടർന്ന് കാട്ടിലെ ഒരു തദ്ദേശീയ ഗോത്രത്തോടൊപ്പം മാസങ്ങൾ താമസിച്ചുവെന്നും ഷാരിയർ അവകാശപ്പെട്ടു. ഒടുവിൽ കാട്ടിൽ നിന്ന് പുറത്തുവന്നയുടനെ അദ്ദേഹം വീണ്ടും പിടിക്കപ്പെടുകയും രണ്ട് വർഷത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

രക്ഷപ്പെടലും സാഹിത്യ വിജയവും

ഷാരിയർ ജയിലിലടയ്ക്കപ്പെട്ട 11 വർഷത്തിനിടയിൽ, അദ്ദേഹം നിരവധി രക്ഷപ്പെടൽ ശ്രമങ്ങൾ നടത്തി. ജയിലിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം എട്ട് തവണ വരെ ശ്രമിച്ചിട്ടുണ്ടെന്ന് പറയുന്നു. പിന്നീട് ഷാരിയറെ പൂർണ്ണമായും രക്ഷപ്പെടാൻ കഴിയാത്തതും 25ശതമാനത്തോളം തടവുകാരുടെ മരണനിരക്കും ഉള്ള ജയിൽ ക്യാമ്പായ ഡെവിൾസ് ഐലൻഡിലേക്ക് അയച്ചു. 1944ലായിരുന്നു ഷാരിയറിന്റെ അവസാന ജയിൽ ചാട്ട ശ്രമം. ഒരു ചങ്ങാടത്തിൽ രക്ഷപ്പെട്ട് ഗയാന തീരത്ത് എത്തി പിടിക്കപ്പെട്ട ഷാരിയറിന് ഒരു വർഷത്തോളം വീണ്ടും തടവിൽ കഴിയേണ്ടി വന്നു.ഒടുവിൽ വിട്ടയച്ച അദ്ദേഹം വെനിസ്വേലയിലേക്ക് പോയി.പിന്നീട് പല നിലകളിൽ ജോലി ചെയ്തു. വിവാഹംകഴിക്കുകയും ഒരു റെസ്റ്റോറന്റ് തുടങ്ങുകയും ചെയ്തു.1969ലാണ് ഷാരിയർ പാപ്പിയോൺ പ്രസിദ്ധീകരിച്ചത്. അത് വൻ വിജയമായി.ഷാരിയറുടെ നെഞ്ചിൽ ഉണ്ടായിരുന്ന ടാറ്റൂവിൽ നിന്നാണ് പുസ്തകത്തിന്റെ പേര് വന്നത്. പാപ്പിയോൺ എന്നത് ചിത്രശലഭത്തിന്റെ ഫ്രഞ്ച് പദമാണ്. 1970-ൽ, ലെഗ്രാൻഡിന്റെ കൊലപാതകത്തിന് ഫ്രഞ്ച് സർക്കാർ ഷാരിയറിന് മാപ്പ് നൽകുകയും പുസ്തകം പ്രചരിപ്പിക്കുന്നതിനായി പാരീസിലേക്ക് മടങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തു.1973-ൽ തൊണ്ടയിലെ കാൻസർ ബാധിച്ചാണ് ഷാരിയർ മരിക്കുന്നത്. അതേവർഷം തന്നെ ഷാരിയറിന്റെ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരവും പുറത്തിറങ്ങി

വിവാദം

എന്നാൽ പിന്നീട് നിരവധി വിവാദങ്ങൾ പാപ്പിയോൺ പുസ്തകത്തെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു.പുസ്തകം ആത്മകഥാപരമാണെന്ന് ഷാരിയർ അവകാശപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം വിവരിച്ച പല അനുഭവങ്ങളും വാസ്തവത്തിൽ മറ്റ് തടവുകാരുടേതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പല വിദഗ്ധരും ഷാരിയറിന്റെ പുസ്തകത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് ചർച്ചചെയ്തു. 2005-ൽ, 104 വയസ്സുള്ള ചാൾസ് ബ്രൂണിയർ എന്നയാൾ പാപ്പിയോണിൽ ഷാരിയർ പറഞ്ഞത് തന്റെ കഥയാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരുന്നു. ഷാരിയർ തടവിലായ അതേ കാലയളവിൽ അദ്ദേഹത്തിന്റെ അതേ പീനൽ കോളനിയിൽ തടവിലാക്കപ്പെട്ട വ്യക്തിയായിരുന്നു ബ്രൂണിയർ .ഷാരിയറെ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത് താനാണെന്നാണ് ഒരു ഫ്രഞ്ച് പത്രത്തോട് ബ്രൂണിയർ പറഞ്ഞത്.