Leading News Portal in Kerala

നിലവാരം കുറഞ്ഞ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്യും|Google will remove low-quality Android apps from Play Store


Last Updated:

ഓഗസ്റ്റ് 31 മുതല്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങുമെന്നിരിക്കേ ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആറ് ആഴ്ച സമയം ലഭിക്കും

ന്യൂഡൽഹി : നിലവാരം കുറഞ്ഞതും പ്രവര്‍ത്തിക്കാത്തതുമായ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അടുത്തമാസം മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് ഗൂഗിള്‍ തങ്ങളുടെ സ്പാം ആന്‍ഡ് മിനിമം ഫംഗ്ഷണാലിറ്റി പോളിസി പുതുക്കിയിട്ടുണ്ട്. കുറഞ്ഞ പ്രവര്‍ത്തന ക്ഷമത അല്ലെങ്കില്‍ ഉള്ളടക്കമോ (ടെക്സ്റ്റ് മാത്രമുള്ള) ഉള്ള ആപ്പുകള്‍, സിംഗിള്‍ വാള്‍പേപ്പര്‍ ആപ്പുകള്‍, ശരിയായ വിധത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ പ്രവര്‍ത്തിപ്പിക്കാനോ പരാജയപ്പെടുന്ന ആപ്പുകള്‍ എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യും. ”മൊബൈല്‍ ആപ്പുകളുടെ അടിസ്ഥാന കഴിവുകള്‍ പ്രകടിപ്പിക്കാത്ത, ആകര്‍ഷകമായ ഉള്ളടക്കം ഇല്ലാത്ത അല്ലെങ്കില്‍ മികച്ച ഉപഭോക്തൃ അനുഭവം നല്‍കാത്ത ആപ്പുകള്‍ ഗൂഗിള്‍ പ്ലേയില്‍ അനുവദിക്കുകയില്ലെന്ന്” ഗൂഗിള്‍ അറിയിച്ചു. ഓഗസ്റ്റ് 31 മുതലാണ് ഇത് നടപ്പാക്കി തുടങ്ങുക.

ഗൂഗിളിന്റെ ഈ നടപടി വളരെയധികം ആപ്പുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. ലക്ഷക്കണക്കിന് ഡൗണ്‍ലോഡിംഗുകള്‍ ഉള്ള ജനപ്രിയ ആപ്പുകളെയും ബാധിച്ചേക്കും. പ്ലേ സ്റ്റോറിന്റെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഗൂഗിള്‍ ഇതിനോടകം തന്നെ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ നയങ്ങള്‍ ലംഘിച്ചതിനും ഉപഭോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കിയതിനും 2023-ല്‍ 28 ലക്ഷം ആപ്പുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ആവര്‍ത്തിച്ചുള്ള ഗുരുതരമായ നയ ലംഘനങ്ങളും തട്ടിപ്പുകളെക്കുറിച്ചും മാല്‍വെയറുകളെക്കുറിച്ചുള്ള ആശങ്കകളും കാരണം 3.3 ലക്ഷം ”മോശം” ഗൂഗിള്‍ പ്ലേ അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 31 മുതല്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങുമെന്നിരിക്കേ ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പുകള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആറ് ആഴ്ച സമയം ലഭിക്കും. ആന്‍ഡ്രോയിഡിനെ കൂടുതല്‍ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കാനുള്ള ഗൂഗിളിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

തങ്ങള്‍ നീക്കം ചെയ്യാന്‍ പോകുന്ന ആപ്പുകളുടെ പട്ടികയോ മറ്റ് വിശദാംശങ്ങളോ ഗൂഗിള്‍ പുറത്ത് വിട്ടിട്ടില്ല. കമ്പനിയുടെ ഇന്‍-ആപ്പ് പേയ്‌മെന്റുകളും ബില്ലിംഗ് നയങ്ങളും പാലിക്കാത്തതിന്റെ പേരില്‍ ഈ വര്‍ഷം ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നിരവധി ഇന്ത്യന്‍ ആപ്പുകള്‍ നീക്കം ചെയ്തിരുന്നു. ജീവന്‍സതി, 99 ഏക്കര്‍, ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം, നൗക്രി ഡോട്ട് കോം, കുക്കു എഫ്എം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഒഴിവാക്കിയ എല്ലാ ആപ്പുകളും വൈകാതെ തന്നെ ഗൂഗിൾ പുനഃസ്ഥാപിച്ചിരുന്നു.