കോംഗോയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു 34 killed in attack on Catholic church in Congo by Islamic State-backed rebels
Last Updated:
നിരവധി വീടുകളും കടകളും അക്രമികൾ കത്തിച്ചതായും റിപ്പോർട്ട്
കിഴക്കൻ കോംഗോയിലെ ഒരു കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക സിവിൽ സൊസൈറ്റി നേതാവിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.കിഴക്കൻ കോംഗോയിലെ കൊമാണ്ട പട്ടണത്തിലെ പള്ളിയിൽ പുലർച്ചെ ഒരു മണിയോടെ അക്രമികൾ അതിക്രമിച്ചു കയറുകയായിരുന്നു. നിരവധി വീടുകളും കടകളും അക്രമികൾ കത്തിച്ചു. അക്രമണം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നേരത്തെസമീപത്തുള്ള മച്ചോങ്കാനി ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) അംഗങ്ങളാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് റിപ്പോർട്ട്.
കൊമാണ്ട പള്ളി ആക്രമണത്തിൽ കുറഞ്ഞത് 10 പേർ മരിച്ചതായി ഇറ്റൂറിയിലെ കോംഗോ സൈന്യത്തിന്റെ വക്താവ് ലെഫ്റ്റനന്റ് ജൂൾസ് എൻഗോംഗോ സ്ഥിരീകരിച്ചു. സുരക്ഷാ സ്രോതസ്സുകളെ ഉദ്ധരിച്ച് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള റേഡിയോ ഒകാപി 43 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. കൊമാണ്ടയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ഒരു കേന്ദ്രത്തിൽ നിന്നാണ് ആക്രമണകാരികൾ എത്തിയതെന്നും സുരക്ഷാ സേന എത്തുന്നതിന് മുൻപ് തന്നെ അവർ രക്ഷപെട്ടെന്നും റിപ്പോർട്ടുണ്ട്.
കിഴക്കൻ കോംഗോയിൽ എ.ഡി.എഫ്, റുവാണ്ട പിന്തുണയുള്ള വിമതർ ഉൾപ്പെടെയുള്ള സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ സമീപ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എ.ഡി.എഫ്, ഉഗാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് പ്രവർത്തിക്കുന്നത് പലപ്പോഴും സാധാരണക്കാരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം ഇറ്റൂരിയിൽ ഡസൻ കണക്കിന് ആളുകളെ ഈ സംഘം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾപുറത്തു വന്നിരുന്നു.
പ്രസിഡന്റ് യോവേരി മുസേവേനിയോടുള്ള അതൃപ്തിയെത്തുടർന്ന് 1990 കളുടെ അവസാനത്തിൽ ഉഗാണ്ടയിലെ വ്യത്യസ്ത ചെറു ഗ്രൂപ്പുകളാണ് എ.ഡി.എഫ് രൂപീകരിച്ചത്.2002-ൽ, ഉഗാണ്ടൻ സേനയുടെ സൈനിക ആക്രമണങ്ങളെത്തുടർന്ന്, സംഘം പ്രവർത്തനങ്ങൾ അയൽരാജ്യമായ കോംഗോയിലേക്ക് മാറ്റി. അതിനു ശേഷം ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്. 2019ലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണ എഡിഎഫിന് ലഭിക്കുന്നത്.
New Delhi,Delhi
July 28, 2025 7:53 AM IST
കോംഗോയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു