ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ ഇന്ന് ചർച്ച ചെയ്യും; ശശി തരൂർ സംസാരിക്കാൻ സാധ്യതിയില്ലെന്ന് റിപ്പോർട്ട് Operation Sindoor to be discussed in Parliament Report says Shashi Tharoor unlikely to speak
Last Updated:
കേന്ദ്ര സർക്കാരിനെ പരസ്യമായി പിന്തുണച്ച് ശശി തരൂർ രംഗത്ത് വന്നത് കോൺഗ്രസിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു
മൺസൂൺ സമ്മേളനത്തിനിടെ തിങ്കളാഴ്ച പാർലമെന്റിൽ പഹൽഗാം ആക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ചുള്ള ചർച്ച ആരംഭിക്കും. സമ്മേളനത്തിൽ കോൺഗ്രസ് എംപി ശശി തരൂർ സംസാരിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളെയും ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ചും ആഗോളതലത്തിൽ വിശദീകരിക്കാൻ പോയ പ്രതിനിധി സംഘത്തെ നയിച്ചത് ശശി തരൂരായിരുന്നു.
ചർച്ചയിൽ ശശി തരൂർ സംസാരിക്കാൻ സാധ്യതയില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ശശി തരൂർ സംസാരിക്കാൻ സാധ്യതയില്ലെന്നും ചില വിഷയങ്ങളിൽ സാരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർ അവരുടെ അപേക്ഷകൾ സിപിപി ഓഫീസിലേക്ക് അയയ്ക്കണമെന്നും എന്നാൽ ശശി തരൂർ ഇതുവരെ അപേക്ഷ അയച്ചിട്ടില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം ശശി തരൂർ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുന്നത് ചോദ്യങ്ങൾ ഉയർത്താൻ സാധ്യതയുണ്ട്. കോൺഗ്രസിന്റെ നയത്തിന് വിരുദ്ധമായി, കേന്ദ്രസർക്കാർ വിദേശത്തേക്ക് അയച്ച പ്രതിനിധി സംഘത്തെ തരൂർ നയിച്ചത് പാർട്ടിയുമായി അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെ പരസ്യമായി പിന്തുണച്ച് ശശി തരൂർ രംഗത്ത് വന്നതും കോൺഗ്രസിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ചർച്ച ആരംഭിക്കാൻ പ്രതിപക്ഷ പാർട്ടികളെ ചെയർമാൻ ക്ഷണിച്ചാൽ പ്രതിപക്ഷത്തുനിന്ന് ആര് സംസാരിച്ചു തുടങ്ങുമെന്ന് കണ്ടറിയണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുണ്ടെങ്കിലും
2023ലെ അവിശ്വാസ പ്രമേയ വേളയിൽ ഗൗരവ് ഗൊഗോയിയെപ്പോലുള്ളവരെ ചർച്ചയ്ക്ക് തുടക്കമിടാൻ അദ്ദേഹം അനുവദിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സർക്കാരിനെ ഇന്റലിജൻസ് പരാജയങ്ങളുടെ പേരിൽ വിമർശിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.
New Delhi,Delhi
July 28, 2025 10:58 AM IST
ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ ഇന്ന് ചർച്ച ചെയ്യും; ശശി തരൂർ സംസാരിക്കാൻ സാധ്യതിയില്ലെന്ന് റിപ്പോർട്ട്