Exclusive | നയം വ്യക്തമാക്കി ശശി തരൂർ; ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു പദവിയിലേക്കുമില്ല Shashi Tharoor clarifies his stand not to run for any post including Vice President after joining bjp
Last Updated:
പാർട്ടി നിലപാടിന് വിരുദ്ധമായി തുടർച്ചയായി മോദി സ്തുതി നടത്തിയ തരൂരുമായി ഇനിയൊരു അനുനയ ചർച്ചയ്ക്ക് കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറായേക്കില്ലെന്നാണ് സൂചന
ഡാൻ കുര്യൻ
ഏറെ നാളുകളായി തുടർന്ന് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ . ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ല. ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നും കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ദൂതനോട് തരൂർ പ്രതികരിച്ചു.
അനാരോഗ്യം ചൂണ്ടികാട്ടി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധൻകർ രാജിവെച്ചതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി കുറെ കാലമായി കലഹം തുടരുന്ന ശശി തരൂരിനുവേണ്ടി ബിജെപി ദേശീയ നേതൃത്വം വഴിവെട്ടുകയാണെന്ന അഭ്യൂഹമേറിയത്.
തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി നിലപാടെടുത്തതിന് പിന്നാലെയാണ് ബിജെപി നേതൃത്വം പ്രത്യേക ദൂതൻ വഴി തരൂർ ക്യാമ്പുമായി ചർച്ച നടത്തിയത്. ഉപരാഷ്ട്രപതി സ്ഥാനത്തിനു പുറമേ ക്യാബിനറ്റിലെ സുപ്രധാന പദവിയും വാഗ്ദാനം ചെയ്തെങ്കിലും ബിജെപിയിൽ പ്രാഥമിക അംഗത്വം എടുക്കണം എന്ന നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. ഇതോടെ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന തരൂർ ഉടൻ ബിജെപി പാളയത്തിലേക്ക് ചേക്കേറും എന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും വിരാമമായി.
പാർട്ടി പരിപാടികളിൽ തരൂരിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം അനൗദ്യോഗിക തീരുമാനം കൈക്കൊണ്ടതിന് പിന്നാലെ ബിജെപിയിലേക്ക് ഇല്ലെന്ന് തരൂർ നിലപാട് വ്യക്തമാക്കിയതോടെ തരൂരിന്റെ തുടർ നീക്കങ്ങൾ സംബന്ധിച്ച് ആകാംക്ഷ ഏറുകയാണ്. പാർട്ടി നിലപാടിന് വിരുദ്ധമായി തുടർച്ചയായി മോദി സ്തുതി നടത്തിയ തരൂരുമായി ഇനിയൊരു അനുനയ ചർച്ചയ്ക്ക് കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറായേക്കില്ലെന്നാണ് സൂചന.
അതേസമയം സംസ്ഥാനത്തെ കോൺഗ്രസിൽ നിർണായക സ്വാധീനം ചെലുത്തുന്ന ക്രൈസ്തവസഭ മേലധ്യക്ഷന്മാർ ഉൾപ്പെടെ തരൂരിനായി സമ്മർദ്ദം ശക്തമാക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. ഇത്ര അതിരു വിട്ടു പോയി എന്ന് പറയുമ്പോഴും തരൂരിനെതിരെ തിടുക്കത്തിൽ ഒരു നടപടിക്ക് ഹൈക്കമാൻഡ് തയ്യാറാകാത്തതും സഭാ നേതൃത്വത്തിന്റെ നിലപാട് കണക്കിലെടുത്തെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പാലായിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ തരൂർ പങ്കെടുത്തിരുന്നു. അവിടെ നിരവധി പ്രമുഖർ തരൂരിനെ വലിയ തോതിൽ പ്രശംസിച്ചിരുന്നു.
Thiruvananthapuram,Kerala
July 28, 2025 12:01 PM IST
Exclusive | നയം വ്യക്തമാക്കി ശശി തരൂർ; ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു പദവിയിലേക്കുമില്ല