വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ IVF ശിശുവായി 35 ലക്ഷം രൂപയ്ക്ക് വിറ്റു; ഡോക്ടർ ഉൾപ്പെടെയുള്ള സംഘം പിടിയിൽ | Fake surrogacy racket busted in Hyderabad 8 arrested including doctor
Last Updated:
രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ സ്വന്തം മകനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ദമ്പതികൾക്ക് നൽകിയത്
ഹൈദരാബാദ്: ഡോക്ടർ ഉൾപ്പെടെയുള്ള വാടക ഗർഭധാരണ -കുട്ടിക്കടത്ത് സംഘം പിടിയിൽ. ഗോപാലപുരത്തുള്ള സൃഷ്ടി ഐവിഎഫ് സെന്ററിന്റെ ഉടമസ്ഥയായ ഡോ. നമ്രത അടക്കം എട്ട് പേരാണ് അറസ്റ്റിലായത്. സൃഷ്ടി ഐവിഎഫ് സെന്ററിലെ ഡോ. അതലൂരി നമ്രത (64), സർക്കാർ ഉടമസ്ഥതയിലുള്ള ഗാന്ധി ആശുപത്രിയിലെ അനസ്തെറ്റിസ്റ്റ് ഡോ. നർഗുല സദാനന്ദം (41), ഏജന്റുമാർ, ടെക്നീഷ്യൻമാർ എന്നിവരുൾപ്പെടെ എട്ട് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.
വാടക ഗർഭധാരണത്തിലൂടെ പിറന്ന ശിശുവാണെന്ന് പറഞ്ഞ് ഒരു ദമ്പതികൾക്ക് നൽകിയ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തിയതിന് പിന്നാലെയാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്. ഡിഎൻഎ പരിശോധനാഫലത്തിൽ കുഞ്ഞ് ഇവരുടേതല്ലെന്ന് അറിഞ്ഞതോടെയാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്. ഒരു ദരിദ്ര കുടുംബത്തിൽ നിന്നും വാങ്ങിയ കുഞ്ഞിനെ 2024 ൽ ഐവിഎഫ് ചികിത്സ തേടിയ നഗരത്തിലെ ദമ്പതികൾക്ക് നൽകിയതായി പോലീസ് കണ്ടെത്തി. ഐവിഎഫ് ചികിത്സയ്ക്കെന്ന പേരിൽ ദമ്പതികളിൽ നിന്നും 35 ലക്ഷം രൂപ ഈടാക്കിയതായും പൊലീസ് കണ്ടെത്തി.
വാടക ഗർഭധാരണത്തിന്റെ പേരിൽ ഉപഭോക്താക്കളെ വഞ്ചിച്ചതിനും കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡോ. അതലൂരി നമ്രത സൃഷ്ടി നിയമവിരുദ്ധമായാണ് ഈ ഐവിഎഫ് സെന്റർ നടത്തുന്നത്. 2021-ൽ സൃഷ്ടിയുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു. ഹൈദരാബാദിലെ കൊണ്ടാപൂർ, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും സൃഷ്ടിയ്ക്ക് മൂന്ന് സെന്ററുകളുണ്ട്. ഞായറാഴ്ച ഈ സ്ഥലങ്ങളിലും തിരച്ചിൽ നടത്തി.
കുറ്റാരോപിതയായ ഡോക്ടർക്കും അവരുടെ ക്ലിനിക്കിനുമെതിരെ മുമ്പ് പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജൂലൈ 26 ന് ഗോപാലപുരം സ്വദേശികളായ ഒരു ദമ്പതികൾ പോലീസിനെ സമീപിച്ചപ്പോഴാണ് ഏറ്റവും പുതിയ സംഭവം പുറത്തുവന്നത്. വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് സ്വതന്ത്ര ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികള്‍ തന്നെയാണ് കണ്ടെത്തിയത്. പാവപ്പെട്ട സ്ത്രീകളെ വാടക ഗര്‍ഭധാരണത്തിലേക്ക് ആകര്‍ഷിക്കുകയും സംസ്ഥാനങ്ങള്‍ക്കിടയില്‍ അനധികൃതമായി റീപ്രോഡക്റ്റീവ് മറ്റീരിയല്‍സ് ( പ്രത്യുത്പാദന വസ്തുക്കള്‍) കൈമാറുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയതായി ഹൈദരാബാദ് നോർത്ത് സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രശ്മി പെരുമാൾ പറഞ്ഞു.
സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസം സ്വദേശികളായ ദമ്പതികൾക്ക് 90,000 രൂപയാണ് പ്രതികൾ നൽകിയത്. പരാതിക്കാരായ ദമ്പതികൾക്ക് തങ്ങളുടെ രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ സ്വന്തം മകനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ദമ്പിതകൾക്ക് നൽകിയത്. സംസ്ഥാനങ്ങളിലുടനീളം പ്രത്യുത്പാദന വസ്തുക്കൾ ശേഖരിക്കുന്നതിലും കയറ്റി അയക്കുന്നതിലും ഇവർ സജീവമായി പങ്കാളികളായിരുന്നുവെന്ന് വ്യക്തമായി.
Hyderabad,Telangana
July 28, 2025 1:38 PM IST