Leading News Portal in Kerala

ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവ വേട്ടയിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണം: മന്ത്രി വി.എൻ. വാസവൻ|Strong protests should be raised against the persecution of Christians in Chhattisgarh says Minister VN Vasavan


Last Updated:

ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്‌ സംഭവം

News18News18
News18

തിരുവനന്തപുരം: ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരുകളുടെ കിരാത വാഴ്ചയുടെ കീഴിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളിയിലെ ഏറ്റവും ഒടുവിലെ പ്രത്യക്ഷ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ നിന്ന് പുറത്തുവന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ച സംഭവത്തിൽ അദ്ദേഹം പ്രതിഷേധിച്ചു. രാജ്യത്താകെ ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് നടത്തുന്ന ക്രിസ്തീയവിരുദ്ധ ആക്രമണ പരമ്പരയിൽ ചിലതുമാത്രമാണ് പുറംലോകം അറിഞ്ഞത്.

ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്‌ സംഭവം. മതം അനുഷ്‌ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്‌. ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ്‌ കന്യാസ്‌ത്രീകളെ ജയിലിൽ അടച്ചത്‌.

കേന്ദ്ര സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിഷയം ഗൗരവതരമാകുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങൾ നിർബാധം തുടരുകയാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും മന്ത്രി അഭ്യർഥിച്ചു.