അത്ര ശരിയല്ല; രാജ്യത്ത് 17 ശതമാനം പേർ ബാങ്ക് പാസ്‌വേഡുകള്‍ സൂക്ഷിക്കുന്നത് ഫോണില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ | Indians Store Banking Passwords On Phones In An Unsafe Manner
Last Updated:
34 ശതമാനം പേര്‍ തങ്ങളുടെ പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു
രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാത്തതിന്റെ ഫലമായി പല തട്ടിപ്പുകള്‍ക്കും നിങ്ങള്‍ ഇരയാകാനുള്ള സാധ്യതയുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ 17 ശതമാനത്തോളം പേര്‍ തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ മൊബൈലിലിലാണ് സൂക്ഷിക്കുന്നതെന്ന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വ്വേ ആണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. 34 ശതമാനം പേര്‍ തങ്ങളുടെ പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. എവിടെയാണ് പാസ്‌വേര്‍ഡുകള്‍ സൂക്ഷിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചിരുന്നു. 4 ശതമാനം പേര്‍ തങ്ങളുടെ മൊബൈല്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലാണ് പാസ്‌വേര്‍ഡ് സൂക്ഷിക്കുന്നതെന്നാണ് പ്രതികരിച്ചത്.
4 ശതമാനം പേര്‍ മൊബൈലിലെ പാസ്‌വേര്‍ഡ് ആപ്പില്‍ തങ്ങളുടെ രഹസ്യ പാസ്‌വേര്‍ഡുകള്‍ സൂക്ഷിക്കാറുണ്ടെന്ന് പറഞ്ഞു. മൊബൈലില്‍ ചില ആപ്പുകളിലായാണ് പാസ്‌വേര്‍ഡ് സൂക്ഷിക്കുന്നതെന്ന് അടുത്ത നാല് ശതമാനം പേര്‍ പറഞ്ഞു. പാസ്‌വേര്‍ഡുകള്‍ അടങ്ങിയ രേഖകകള്‍ തങ്ങളുടെ പഴ്‌സില്‍ സൂക്ഷിക്കാറുണ്ടെന്ന് അഞ്ച് ശതമാനം പേര്‍ പറഞ്ഞു. ഒരിടത്തും എഴുതി സൂക്ഷിക്കാറില്ലെന്നും പാസ്‌വേര്‍ഡുകള്‍ ഓര്‍ത്തെടുക്കുകയാണ് പതിവെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 14 ശതമാനം പേര്‍ പറഞ്ഞു.
കംപ്യൂട്ടറിലോ ലാപ്‌ടോപ്പിലോ തങ്ങളുടെ ബാങ്കിംഗ് പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ച് വെയ്ക്കാറുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ പറഞ്ഞു. അതേസമയം എടിഎം, ക്രഡിറ്റ് കാര്‍ഡ് എന്നിവയുടെ പാസ്‌വേര്‍ഡുകള്‍ തങ്ങളുമായി അടുപ്പമുള്ള ചിലരുമായി പങ്കുവെച്ചിട്ടുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങള്‍, ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ പാസ്‌വേര്‍ഡുകള്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഒരു വിഭാഗം പറയുന്നത്.
ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തങ്ങളോ തങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾ സാമ്പത്തിക തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 53 ശതമാനം പേര്‍ പറഞ്ഞു. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ തട്ടിപ്പ്, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ എന്നിവയാണ് നേരിടേണ്ടി വന്നതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇന്ത്യയിലെ 367 നഗരങ്ങളില്‍ നിന്നും 48000 ലധികം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. പ്രതികരണം രേഖപ്പെടുത്തിയവരില്‍ 63 ശതമാനം പേര്‍ പുരുഷന്‍മാരും 37 ശതമാനം പേർ സ്ത്രീകളുമാണ്.
New Delhi,Delhi
July 03, 2024 6:07 PM IST
അത്ര ശരിയല്ല; രാജ്യത്ത് 17 ശതമാനം പേർ ബാങ്ക് പാസ്‌വേഡുകള്‍ സൂക്ഷിക്കുന്നത് ഫോണില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍