Leading News Portal in Kerala

പോലീസുകാരന്‍ നഗ്നനായദൃശ്യങ്ങൾ വൈറലായി; ഗൂഗിളിന് പത്ത് ലക്ഷം രൂപ പിഴ|Street View camera caught Nude policeman footage Google fined Rs 10 lakh


Last Updated:

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പോലീസുകാരന്റെ നഗ്നദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്

News18News18
News18

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയില്‍ പോലീസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പതിഞ്ഞു. ഗൂഗിൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് കോടതി. അര്‍ജന്റീനയിലാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പോലീസുകാരന്റെ നഗ്നദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഇത് പിന്നീട് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹം ഗൂഗിളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.

2017-ല്‍ അര്‍ജന്റീനയിലെ ഒരു ചെറുപട്ടണത്തില്‍ തന്റെ വീട്ടുമുറ്റത്ത് നഗ്നനായി നടന്ന പോലീസുകാരന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഇതോടെ 6.6 അടി ഉയരമുള്ള മതിലിന് പിന്നിലാണ് താന്‍ ഉണ്ടായിരുന്നതെന്നും ഗൂഗിള്‍ ക്യാമറയില്‍ തന്റെ നഗ്നത പതിഞ്ഞതായും ചൂണ്ടിക്കാട്ടി ഗൂഗിളില്‍ നിന്ന് പോലീസുകാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ തനിക്ക് മാനനഷ്ടമുണ്ടാക്കിയതായി വാദിച്ചാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

അദ്ദേഹത്തിന്റെ വീട്ടുനമ്പറോ സ്ട്രീറ്റോ വെളിപ്പെടുത്താതെ അര്‍ജന്റീനിയന്‍ ടിവി ചാനലും സംഭവം റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് ജോലിസ്ഥലത്തും അയല്‍ക്കാര്‍ക്കിടയിലും തന്നെ പരിഹാസ്യനാക്കിയെന്ന് പോലീസുകാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞവര്‍ഷം മറ്റൊരു കോടതി നഷ്ടപരിഹാരത്തിനായുള്ള ഇദ്ദേഹത്തിന്റെ വാദം തള്ളിയിരുന്നു. വീട്ടുമുറ്റത്ത് അനുചിതമായ സഹാചര്യത്തില്‍ ചുറ്റനടന്നതിന് കോടതി അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ ചുറ്റുമതിലിന് വേണ്ടത്ര ഉയരമില്ലെന്നാണ് ഗൂഗിളിന്റെ വാദം. എങ്കിലും ക്യാമറയിലെ ദൃശ്യങ്ങള്‍ കാരണം പരാതിക്കാരന് അപമാനമുണ്ടായതായും അദ്ദേഹത്തിന്റെ മാനത്തെ ഇത് ബാധിച്ചതായും അപ്പീല്‍ കോടതിയിലെ ജഡ്ജിമാര്‍ നിഗമനത്തിലെത്തി. ഗൂഗിള്‍ ഏകദേശം 12,500 ഡോളര്‍ (10 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

വ്യക്തിയുടെ ദൃശ്യങ്ങള്‍ പൊതുസ്ഥലത്തുനിന്നും പകര്‍ത്തിയതല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ വീടിന്റെ പരിധിക്കുള്ളില്‍ നിന്നും വ്യക്തിയേക്കാള്‍ ഉയരമുള്ള മതിലിന് പിന്നില്‍ നിന്നും പകര്‍ത്തിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയിലേക്കുള്ള കയന്നുകയറ്റമാണിതെന്നും കോടതി വിലയിരുത്തി. കേസില്‍ മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റം നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നും കോടതി പറഞ്ഞു. വാദിയുടെ വീട്ടിലേക്ക് അദ്ദേഹത്തിന്റെ സ്വകാര്യ മേഖലയിലേക്ക് കടന്നുകയറി അദ്ദേഹത്തിന്റെ അന്തസ്സിനെ തകര്‍ക്കുന്ന ഈ ഗുരുതരമായ തെറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഗൂഗിളിന് ഒരു ന്യായീകരണവുമില്ലെന്നും വാദം കേട്ട ജഡ്ജിമാര്‍ പറഞ്ഞു.

ചിത്രം പ്രചരിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സഹപ്രതികളായ ടെലികോം കമ്പനിയായ കേബിള്‍വിഷന്‍ എസ്എയെയും വാര്‍ത്താ സൈറ്റായ എല്‍ സെന്‍സറിനെയും കോടതി ഒഴിവാക്കി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ ചെയ്ത തെറ്റ് എടുത്തുകാണിക്കാന്‍ സഹായിച്ചുവെന്നും കോടതി നിരീക്ഷിച്ചു.