Leading News Portal in Kerala

മൊബൈൽ ഫോണിന്റെ ക്യാമറയെ നശിപ്പിച്ചേക്കാവുന്ന 5 കാര്യങ്ങള്‍ | Five things which could ruin your mobile phone camera


Last Updated:

നമ്മുടെ ചില നേരത്തെ അശ്രദ്ധ സ്മാർട്ട് ഫോണിലെ ക്യാമറകളെ എന്നന്നേക്കുമായി നശിപ്പിച്ചേക്കാം

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

രൂപത്തിലും ഭാവത്തിലും വ്യത്യസ്ത പുലര്‍ത്തുന്നവയാണ് നാം ഇന്ന് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിലെ ക്യാമറകള്‍. എന്നാല്‍ നമ്മുടെ ചില നേരത്തെ അശ്രദ്ധ ഈ ക്യാമറകളെ എന്നന്നേക്കുമായി നശിപ്പിച്ചേക്കാം. അത്തരത്തില്‍ ഫോണ്‍ ക്യാമറയെ നശിപ്പിച്ചേക്കാവുന്ന അഞ്ച് കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.

1. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ലേസര്‍ ലൈറ്റ് ഷോ ഷൂട്ട് ചെയ്യരുത്: ഉയര്‍ന്ന തീവ്രതയുള്ള ലേസര്‍ ലൈറ്റ് ഷോകള്‍ നിങ്ങളുടെ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തരുത്. അത് എന്നന്നേക്കുമായി നിങ്ങളുടെ ക്യാമറയുടെ സെന്‍സറിനെ ഇല്ലാതാക്കും. ഫോണ്‍ ക്യാമറയുടെ ലെന്‍സിനെയും ഇത് ദോഷകരമായി ബാധിക്കും.

2. ഫോണ്‍ ബൈക്കില്‍ ഘടിപ്പിക്കരുത്: ബൈക്കിലോ സ്‌കൂട്ടറിലോ ഫോണ്‍ ക്യാമറ ഘടിപ്പിക്കുന്നത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയുടെ ആയുസ്സ് കുറയ്ക്കും. വാഹനത്തിന്റെ പ്രകമ്പനം അഥവാ വൈബ്രേഷനാണ് ഇവിടെ വില്ലനാകുന്നത്. ഫോണ്‍ ക്യാമറ വെയ്ക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടെ സഹായത്തോടെ വേണം ബൈക്കിലും സ്‌കൂട്ടറിലും സ്മാര്‍ട്ട് ഫോണ്‍ ഘടിപ്പിക്കാന്‍.

3. വെള്ളത്തിനടിയില്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിക്കരുത്: വെള്ളത്തിനടിയില്‍ അമിതമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ക്യാമറയുടെ ആയുസ്സ് കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ഫോണിനുള്ളിലും ക്യാമറയ്ക്കുള്ളിലും ജലാംശം ഉണ്ടാകാനും അതിലൂടെ ക്യാമറയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനും കാരണമാകും.

4. കനത്ത ചൂടിലും തണുപ്പിലും ഷൂട്ട് ചെയ്യരുത്: കനത്ത ചൂടുള്ള സമയത്തും തണുപ്പുള്ള സമയത്തും ഫോണ്‍ ക്യാമറ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയെ ദോഷകരമായി ബാധിക്കും.

5. ക്യാമറ ലെന്‍സ് പ്രോട്ടക്ടര്‍: ഗുണനിലവാരം കുറഞ്ഞ ക്യാമറ ലെന്‍സ് പ്രൊട്ടക്ടറുകള്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയില്‍ വിള്ളലുകളുണ്ടാകാന്‍ കാരണമാകും. ലെന്‍സും പ്രൊട്ടക്ടറും തമ്മിലുള്ള ചെറിയ വിടവുകളിലൂടെ പൊടിപടലങ്ങള്‍ ഉള്ളിലേക്ക് കയറുകയും ക്യാമറയുടെ ലെന്‍സിനെ ഇല്ലാതാക്കുകയും ചെയ്യും.