Leading News Portal in Kerala

ഭർത്താവിനെ സംശയം! പതിവായി നുണപരിശോധന നടത്തി ഭാര്യ | Why this woman subjected her husband to lie detector everyday


Last Updated:

ഭര്‍ത്താവിനോടുള്ള വിശ്വാസക്കുറവ് മാത്രമല്ല ഇവരുടെ പ്രശ്‌നം. അവര്‍ അവരെതന്നെ സ്വയം ഒരു പ്രശ്‌നക്കാരിയായി കരുതുന്നു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിടല്‍ സാധാരണമാണ്. ചിലപ്പോള്‍ വലിയ വഴക്കായിരിക്കും. അല്ലെങ്കില്‍ നിസ്സാരകാരണങ്ങള്‍ക്കുവേണ്ടി വഴക്കിടും. ചിലര്‍ സാമ്പത്തികത്തെച്ചൊല്ലി വഴക്കിടുന്നു. മറ്റുചിലര്‍ വീട്ടുജോലികള്‍ ചെയ്യുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ സംശയത്തിന്റെ പേരിലോ ആയിരിക്കും കലഹിക്കുന്നത്. എന്നാല്‍ പരസ്പരമുള്ള വാദങ്ങള്‍ പരിശോധിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണംകൊണ്ടോ ആരും നുണപരിശോധന നടത്താറില്ല.

ഡെബ്ബി വുഡ് എന്ന യുവതി തന്റെ ഭര്‍ത്താവിനെ എല്ലാ ദിവസവും നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നു. ലോകത്തിലെ ഏറ്റവും സംശയമുള്ള സ്ത്രീ എന്നാണ് ഡെബ്ബി വുഡ് അറിയപ്പെടുന്നത്. ഭര്‍ത്താവിനോടുള്ള വിശ്വാസക്കുറവ് മാത്രമല്ല ഇവരുടെ പ്രശ്‌നം. അവര്‍ അവരെതന്നെ സ്വയം ഒരു പ്രശ്‌നക്കാരിയായി കരുതുന്നു.

ഭര്‍ത്താവ് സ്റ്റീവ് വീട്ടില്‍ വരുമ്പോഴെല്ലാം ഡെബ്ബി വുഡ് അദ്ദേഹത്തെ പോളിഗ്രാഫ് മെഷീന്‍ ഉപയോഗിച്ച് നുണ പരിശോധന നടത്തുന്നു. വിചിത്രമായി തോന്നുമെങ്കിലും ഇതൊരു തമാശയായിട്ടാണ് ആദ്യം തുടങ്ങിയത്. ഇതിന്റെ കാരണവും ഭര്‍ത്താവ് സ്റ്റീവ് തന്നെയാണ്. വിശ്വസ്തനാണെന്ന് തെളിയിക്കാന്‍ സന്തോഷത്തോടെ നുണ പരിശോധന നടത്തുമെന്ന് സ്റ്റീവ് ഒരിക്കല്‍ തമാശയ്ക്കു പറഞ്ഞു. എന്നാല്‍ ഡെബ്ബി അത് തമാശയായല്ല എടുത്തത്. അവള്‍ അത് നടപ്പാക്കി. നുണ പരിശോധനയ്ക്കുള്ള ഉപകരണം വാങ്ങി.

സ്റ്റീവില്‍ നിന്നും അകന്നുകഴിയുമ്പോഴുള്ള ഉത്കണ്ഠയും വേദനിപ്പിക്കുന്ന ഭൂതകാല ഓര്‍മ്മകളുമാണ് ഡെബ്ബി വുഡിന്റെ സംശയരോഗത്തിന് പ്രധാന കാരണം. ഡെബ്ബിയും സ്റ്റീവും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും രണ്ട് നഗരങ്ങളിലാണ് താമസിച്ചിരുന്നത്. ഡെബ്ബിയെ നിയമപരമായി വിവാഹം ചെയ്യുന്നതിനുമുമ്പ് സ്റ്റീവ് മറ്റൊരാളുമായി ഡേറ്റ് ചെയ്തിരുന്നു. ഇത് സാങ്കേതികമായി വിശ്വാസവഞ്ചനയല്ലെങ്കിലും ഡെബ്ബി ഒരിക്കലും ഇക്കാര്യം മനസ്സില്‍ നിന്നും ഉപേക്ഷിച്ചില്ല.

അവര്‍ ഭര്‍ത്താവിനെ നിരന്തരം നിരീക്ഷിക്കാന്‍ തുടങ്ങി. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ഫോണ്‍ റെക്കോര്‍ഡുകള്‍, ടിവിയില്‍ സ്ത്രീകളെ കാണുമ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരു അടിവസ്ത്രത്തിന്റെ പരസ്യംകണ്ട് അയാള്‍ ഒന്നുകണ്ണടച്ചാല്‍ പോലും ഡെബ്ബി അതിനെ ചോദ്യം ചെയ്യും.

തന്നെ മുറിവേല്‍പ്പിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത ടോക്‌സിക് ആയിട്ടുള്ള ഒരു മുന്‍കാല ബന്ധമാണ് തന്റെ ഈ പെരുമാറ്റത്തെ രൂപപ്പെടുത്തിയതെന്ന് ഡെബ്ബി തന്നെ പിന്നീട് സമ്മതിച്ചു. നല്ലൊരു പുരുഷനെ കണ്ടെത്തിയാല്‍ നിങ്ങള്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കില്ലെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ ഭര്‍ത്താവിനെ അമിതമായി നിയന്ത്രിക്കുകയാണെന്നും അവര്‍ പറഞ്ഞു. സ്റ്റീവിനെ കുറിച്ചുള്ള ഭയമല്ല അവരുടെ പ്രശ്‌നമെന്ന് ഡെബ്ബി ഇപ്പോള്‍ മനസ്സിലാക്കുന്നു. മറിച്ച് സ്റ്റീവും തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയമാണ് ഈ ആശങ്കയ്ക്കും സംശയത്തിനും കാരണം.

ഡെബ്ബിയുടെ പെരുമാറ്റം തീവ്രമായി വളര്‍ന്നു. ഇത് അവരുടെ ബന്ധത്തെ ബാധിച്ചെങ്കിലും സ്റ്റീവ് ഉറച്ചുനിന്നു. സ്റ്റീവിന്റെ ശാന്തവും ക്ഷമയുള്ളതുമായ സമീപനം കാര്യങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു. ഡെബ്ബി സംശയത്തിന്റെ വലയത്തില്‍ അകപ്പെടാത്തപ്പോള്‍ അവര്‍ വളരെയധികം ചിരിക്കും എന്ന് അദ്ദേഹം പറയുന്നു. അവര്‍ പരസ്പരം ശരിക്കും ആസ്വദിക്കുന്നു. നുണ പരിശോധനകള്‍ ദിവസേന എന്നതിനുപകരം വല്ലപ്പോഴുമായി മാറിയപ്പോള്‍ കാര്യങ്ങള്‍ വളരെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം സമ്മതിച്ചു.

2014 ആയപ്പോഴേക്കും ദമ്പതികളുടെ ബന്ധത്തില്‍ പുരോഗതി കാണാനായി. ഡെബ്ബിക്ക് വിശ്വാസപ്രശ്‌നം പരിഹരിക്കാനായി ശ്രമിച്ചു. സ്റ്റീവ് എങ്ങോട്ടും പോകില്ലെന്ന് തെളിയിക്കുകയും ചെയ്തു. നുണ പരിശോധനകള്‍ അപൂര്‍വമായി മാത്രം സംഭവിച്ചു. തന്റെ സംശയരോഗം തങ്ങളുടെ ബന്ധത്തെ ഏതാണ്ട് നശിപ്പിച്ചിരുന്നതായി ഡെബ്ബി ഇപ്പോള്‍ തുറന്നുസമ്മതിക്കുന്നു. പക്ഷേ തന്റെ ദാമ്പത്യത്തില്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു. നുണ പരിശോധന ഭൂതകാലത്തിന്റെ ലക്ഷണമായിരിക്കാം. ഇനി അവരുടെ ഭാവിയെ അത് നിയന്ത്രിക്കില്ലെന്നും ഡെബ്ബി പറഞ്ഞു.