Leading News Portal in Kerala

യുപിഐ വഴി പണം തട്ടിപ്പ്; മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക് | ICICI bank shares fake UPI payment warning with customers


Last Updated:

ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പ് സന്ദേശങ്ങൾ നിങ്ങൾക്കും എത്തിയേക്കാം..! മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

news18news18
news18

നേരിട്ട് പണം ഉപയോഗിച്ചുള്ള ഇടപാടുകൾ തന്നെയാണ് രാജ്യത്ത് ഏറെയും നടക്കുന്നതെങ്കിലും പുതിയ കാലത്ത് യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. നാട്ടിൻപുറത്തെ പച്ചക്കറി ചന്തകളിലും മീൻ മാർക്കറ്റിലുമെല്ലാം ഇപ്പോൾ യുപിഐ വഴി പണം അയച്ച് നമുക്ക് സാധനങ്ങൾ വാങ്ങിക്കാം. ഡിജിറ്റൽ പണമിടപാട് വർധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും കൂടിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്.

യുപിഐ വഴി നടത്തിയ ഇടപാടിൽ അബദ്ധം സംഭവിച്ചുവെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് കൂടുതൽ പണം തട്ടിയെടുക്കാനാണ് ശ്രമം നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പ് സന്ദേശങ്ങൾ നിങ്ങൾക്കും എത്തിയേക്കാം. ഈ തട്ടിപ്പിൽ പെടാതെ എളുപ്പത്തിൽ രക്ഷപ്പെടാമെന്ന് ഐസിഐസിഐ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഐസിഐസിഐ. തങ്ങളുടെ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും വേണ്ടിയാണ് ഈ മുന്നറിയിപ്പെന്ന് അവർ വ്യക്തമാക്കി.

തട്ടിപ്പ് സന്ദേശം ഇങ്ങനെ:

അബദ്ധത്തിൽ യുപിഐ വഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാവും സന്ദേശത്തിൽ ഉണ്ടായിരിക്കുക. പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടാവുകയും ചെയ്യും. എന്നാൽ എത്ര തുകയാണ് നിങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടുള്ളതെന്ന് ശ്രദ്ധിക്കണം. ഉദാഹരണത്തിന്, സന്ദേശത്തിൽ പറയുന്നത് 20000 രൂപയെന്നായിരിക്കും. എന്നാൽ നിങ്ങൾക്ക് യഥാർഥത്തിൽ ലഭിച്ചിട്ടുണ്ടായിരിക്കുക 200 രൂപയായിരിക്കും.

നന്നായി ശ്രദ്ധിച്ച് നോക്കിയാൽ തന്നെ നിങ്ങൾക്ക് ഇത്തരം തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. 200.00 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തിയെന്നായിരിക്കും സന്ദേശത്തിൽ ഉണ്ടാവുക. 200ന് ശേഷം ഉള്ള ഒരു ദശാംശം നിങ്ങൾ ശ്രദ്ധിച്ചെന്ന് വരില്ല. സ്വാഭാവികമായും 20000 രൂപ അയക്കുകയും ചെയ്യും. അതായത് നിങ്ങൾക്ക് നഷ്ടമാവുക 19800 രൂപയായിരിക്കും. ഇത്തരത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.

സന്ദേശങ്ങൾ വായിച്ച് നോക്കുക

യുപിഐയുമായി ബന്ധപ്പെട്ടുള്ള ഇത്തരം സന്ദേശങ്ങൾ നന്നായി വായിച്ച് നോക്കുകയെന്നതാണ് പ്രധാനം. ഒരു സന്ദേശം വരുമ്പോഴേക്കും ധൃതിപ്പെട്ട് അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിൽക്കരുത്. പറഞ്ഞിരിക്കുന്ന തുക എത്രയെന്നും ഇടപാട് നടന്ന തീയതി ഏതാണെന്നും വ്യക്തമായി നോക്കുക. അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണിത്. എന്നാൽ പലരും ഇത്തരം കാര്യങ്ങൾക്ക് ഗൗരവം കൊടുക്കാതെ വലിയ അബദ്ധത്തിൽ ചെന്ന് ചാടുകയും ചെയ്യും. യുപിഐ വഴിയുള്ള പണമിടപാട് വളരെ സുരക്ഷിതം തന്നെയാണ്. എന്നാൽ അബദ്ധങ്ങൾ പറ്റാനുള്ള സാധ്യതയും ഏറെയാണ്.

ഒരു അക്കം മാറി പണം അയച്ചാൽ തന്നെയുള്ള ബുദ്ധിമുട്ട് എത്രയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതിനാൽ തന്നെ പണം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും നന്നായി ശ്രദ്ധിക്കണമെന്ന് ഐസിഐസിഐ ബാങ്ക് അധികൃതർ പറയുന്നു. യുപിഐ കോഡുകൾ ഉപയോഗിച്ച് പോലും ഇക്കാലത്ത് പുത്തൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ചില ക്യുആർ കോഡുകൾ വഴി നിങ്ങൾക്ക് പണം ലഭിക്കേണ്ടതിന് പകരം നിങ്ങളുടെ കയ്യിൽ നിന്ന് തട്ടിപ്പുകാരിലേക്ക് പണം എത്തുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇക്കാര്യത്തിൽ ജാഗ്രതയോടെ ഇരിക്കണമെന്നാണ് മുന്നറിയിപ്പ്.