Leading News Portal in Kerala

അയ്യോ എന്നെ വിട്ടുപോയതെതെന്തിനെന്ന് ഭർത്താവിന്റെ മൃതദേഹത്തിനരികിൽ നിലവിളിച്ച ഭാര്യ കാമുകനൊപ്പം കൊലപാതകത്തിന് അറസ്റ്റിൽ | wife and her lover arrested for husband’s murder in Bengaluru


കാന്‍വാ ഡാമിനടുനിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടര്‍ന്നപ്പോൾ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്വേഷണത്തില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. യുവാവ് സ്വയം ജീവനൊടുക്കിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും കാമുകനും ചേർന്ന് തയ്യാറാക്കിയ തിരക്കഥയും പോലീസ് പൊളിച്ചു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ബികെ പ്രകാശും സബ് ഇന്‍സ്‌പെക്ടര്‍ സഹാന പാട്ടീനും സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വളരെ ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒരു ചോദ്യമാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. ”അദ്ദേഹം വിഷം കഴിച്ചാണ് മരിച്ചതെങ്കില്‍ വിഷക്കുപ്പിയുടെ അടപ്പ് മൃതദേഹത്തിന്റെ സമീപത്തുനിന്ന് ലഭിക്കാത്തത് എന്തുകൊണ്ട്, കുപ്പിയുടെ അടപ്പ് എവിടെപ്പോയി?” ഈ ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെസി ഗിരിയുടെ ഒരു സംശയവും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് നയിച്ചു. യുവാവ് മരിച്ച സമയത്ത് ഒരു ചെരിപ്പ് മാത്രമാണ് ധരിച്ചിരുന്നത്. ആരെങ്കിലും ഒരു ചെരിപ്പ് മാത്രം ധരിച്ച് ജീവനൊടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഇതിന് ശേഷമാണ് മരിച്ച 45കാരനായ ലോകേഷ് കുമാറിന്റെ വിവരങ്ങള്‍ പോലീസ് പങ്കുവെച്ചത്. കൃഷ്ണപുരഡോഡ്ഡി സ്വദേശിയായ ലോകേഷ് കുമാര്‍ മകാലി ഗ്രാമ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു. ഇയാള്‍ക്ക് രണ്ട് കോഴിക്കടകളുമുണ്ടായിരുന്നു. ഇയാളുടെ ഭാര്യ ചന്ദ്രകല സംഭവം നടക്കുമ്പോള്‍ ഗ്രാമപഞ്ചായത്തംഗമായിരുന്നു. ലോകേഷിൻെറ മരണവിവരം അറിഞ്ഞ് ഇവര്‍ അലമുറയിട്ട് കരഞ്ഞു ബഹളം വെച്ചിരുന്നു. ”നിങ്ങള്‍ എന്തിനിത് ചെയ്തു, എന്നെ ഉപേക്ഷിച്ച് എന്തിനാണ് പോയത്” എന്ന് ചോദിച്ചാണ് ചന്ദ്രകല അലമുറയിട്ട് കരഞ്ഞത്.

മരണം നടന്ന് ഒരു ദിവസത്തിന് ശേഷം ജൂണ്‍ 24ന് ചന്ദ്രകല ചന്നപട്ടണയില്‍ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അവര്‍ കണ്ണുനീര്‍ വാര്‍ത്ത് കരഞ്ഞു.

എന്നാല്‍, ചന്ദ്രകലയ്ക്ക് ഒരു കാമുകനുണ്ടെന്നും ഇത് ലോകേഷ് കുമാര്‍ നേരത്തെ കണ്ടെത്തിയിരുന്നതായും ലോകേഷിന്റെ കുടുംബം പോലീസിനെ അറിയിച്ചു.

ലഭിച്ച വിവരങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രത പാലിച്ചു. ചന്നപ്പട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ തങ്ങള്‍ കാത്തിരുന്നതായും ഉടൻ തന്നെ നിഗമനങ്ങളില്‍ എത്തിയില്ലെന്നും പോലീസ് സൂപ്രണ്ട് ശ്രീനിവാസ് ഗൗഡ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

”വിഷം ഉള്ളില്‍ ചെന്ന് തന്നെയായിരുന്നു ലോകേഷിന്റെ മരണം. എന്നാല്‍ അസാധാരണമായ ചില കാര്യങ്ങള്‍ പോസ്റ്റ്മോർട്ടത്തിൽ ഡോക്ടര്‍മാര്‍ കണ്ടെത്തി. സാധാരണ വിഷം കഴിച്ചാല്‍ അത് വയറ്റിലേക്കാണ് പോകുക. എന്നാല്‍ ഈ കേസില്‍ വിഷത്തിന്റെ വലിയൊരു ശതമാനം ശ്വാസകോശത്തിലാണ് കണ്ടെത്തിയത്. ഇത് നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് എത്താന്‍ പ്രേരിപ്പിച്ചു,” ഗൗഡ പറഞ്ഞു.

സംശയം നിലനിന്നതിനാല്‍ ഒരു സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍വെച്ച് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ലോകേഷ് സ്വമേധയാ വിഷം കഴിച്ചതായിരിക്കാമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിച്ച് വിഷം കൊടുത്തതാകാമെന്നും കണ്ടെത്തി.

ജൂണ്‍ 23ന് ലോകേഷിന്റെ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കറുത്തനിറമുള്ള കാര്‍ തങ്ങള്‍ കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ഹോട്ടലിലും പെട്രോള്‍ പമ്പിലും സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ കറുത്ത നിറമുള്ള കാര്‍ അവര്‍ കണ്ടെത്തി.

ഇതിന് പുറമെ ചന്ദ്രകലയുടെ ഫോണിലെ കോള്‍ റെക്കോഡും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. ലോകേഷ് മരിച്ചുകിടന്ന ഡാമിന്റെ സമീപത്തുണ്ടായിരുന്ന യോഗേഷ് എന്നയാളെ ചന്ദ്രകല നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ബെംഗളൂരുവിലെ ജനറല്‍ പോസ്റ്റ് ഓഫീസിലെ ജീവനക്കാരനാണ് യോഗേഷ്. ലോകേഷ് മരിച്ച അതേ രാത്രിയില്‍ യോഗേഷ് അവിടെയുണ്ടായിരുന്നതായി ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. തുടര്‍ന്ന് ചന്ദ്രകലയെയും യോഗേഷിനെയും പോലീസ് ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

ചന്ദ്രകലയും യോഗേഷും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഈ വിവരം പുറത്തറിയുമോയെന്നും മാനഹാനി ഉണ്ടാകുമെന്നും ഭയന്ന് ഇരുവരും ലോകേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 23ന് ലോകേഷ് സുങ്കടകട്ടിലെ തന്റെ ചിക്കന്‍ കടയില്‍ നിന്ന് പുറത്തുപോയിരുന്നു. ഈ വിവരം ചന്ദ്രകല യോഗേഷിനെ അറിയിച്ചു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് വാങ്ങിയ കാറില്‍ യോഗേഷും മറ്റ് മൂന്ന് പേരും കൂടി ലോകേഷിനെ പിന്തുടര്‍ന്നു. ഡാമിന് സമീപത്തെത്തിയപ്പോള്‍ ലോകേഷിന്റെ വാഹനത്തില്‍ കാര്‍ ഇടിപ്പിച്ചു. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വാഹനത്തിന്റെ പുറത്തിറങ്ങിയ ലോകേഷിനെ ആക്രമിച്ച് കാറിനുള്ളിലേക്ക് കയറ്റി. പ്രതികള്‍ ലോകേഷിന്റെ വായിലേക്ക് വിഷം ഒഴിച്ചു. ലോകേഷ് മരിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷം മൃതദേഹം കാറില്‍ നിന്ന് പുറത്തിറക്കി അല്‍പം മാറ്റി കിടത്തി. ലോകേഷ് ജീവനൊടുക്കിയതാണെന്ന് തോന്നിപ്പിക്കുന്നതിന് മൃതദേഹത്തിന് സമീപത്ത് ശൂന്യമായ വിഷക്കുപ്പി ഉപേക്ഷിച്ചു. ലോകേഷിന്റെ വായിലേക്ക് വിഷം ഒഴിച്ചുകൊടുക്കുന്ന തിരക്കിനിടെ കുപ്പിയുടെ അടപ്പ് പുറത്തേക്ക് തെറിച്ചുപോയിരുന്നു. കാറില്‍ നിന്ന് മൃതദേഹം മാറ്റുന്നതിനിടെ കാലിലെ ഒരു ചെരുപ്പ് ഊരിപ്പോയതും പ്രതികള്‍ ശ്രദ്ധിച്ചില്ല.

വൈകാതെ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രകലയ്ക്കും യോഗേഷിനുമൊപ്പം കൃത്യത്തില്‍ ഉള്‍പ്പെട്ട ശാന്തരാജു, സി ആനന്ദ് എന്ന സൂര്യ, ജി ശിവ എന്ന ശിവലിംഗ, ആര്‍ ചന്ദര്‍ കുമാര്‍ എന്നീ നാല് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

അയ്യോ എന്നെ വിട്ടുപോയതെതെന്തിനെന്ന് ഭർത്താവിന്റെ മൃതദേഹത്തിനരികിൽ നിലവിളിച്ച ഭാര്യ കാമുകനൊപ്പം കൊലപാതകത്തിന് അറസ്റ്റിൽ