Leading News Portal in Kerala

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്​ഗഡ് സർക്കാർ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പുനൽകി; അനൂപ് ആന്റണി | Anoop Antony after meeting arrested nuns in Chhattisgarh


Last Updated:

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി രാവിലെ ഛത്തീസ്ഗഡിലെത്തിയത്

News18News18
News18

റായ്പൂർ: ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ചത്തീസ്​ഗഡിലെത്തി കന്യാസ്ത്രീകളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനൂപ് ആന്റണി. വിഷയവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായും അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു.

സിസറ്റർമാരെ കണ്ടു, അവരുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിച്ചു. അവരും അവരുടെ കാര്യങ്ങൾ പങ്കുവച്ചിരുന്നു. ജാമ്യം വൈകുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അമാന്തമല്ല, സാങ്കേതിക കാരണങ്ങളുടെ പ്രശ്‌നമാണ്‌. ഈ വിഷയത്തിൽ എല്ലാ വശങ്ങളിൽ നിന്നും പഠിച്ചതിന് ശേഷം വേണ്ട കാര്യങ്ങൾ ചെയ്യാൻ ഇവിടത്തെ സർക്കാർ പ്രതിഞ്ജാബദ്ധരാണെന്ന് അറിയിച്ചു. ആ​ഗ്രഹിക്കുന്നതുപോലെ നല്ല രീതിയിലെ ഇടപെടലാണ് ഛത്തീസ്​ഗഡ് സർക്കാരും നടത്തുന്നത്. സംഭവത്തിൽ നീതിപൂര്‍വമായി ഇടപെടുമെന്ന് സർക്കാർ ഉറപ്പുനൽകിയെന്നും അനൂപ് ആന്റണി പറഞ്ഞു.

അവിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കന്യാസ്ത്രീകൾ സംസാരിച്ചു. പക്ഷെ, ഇപ്പോൾ അതൊന്നും പുറത്ത് പറയാൻ കഴിയില്ല. കന്യാസ്ത്രീമാരുടെ ജാമ്യത്തിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി രാവിലെ ഛത്തീസ്ഗഡിലെത്തിയത്. ഛത്തീസ്ഗഡ് സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം സഭാനേതൃത്വവുമായി അനൂപ് ആന്റണി ചർച്ച നടത്തിയേക്കും.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.

മലയാളം വാർത്തകൾ/ വാർത്ത/India/

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്​ഗഡ് സർക്കാർ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പുനൽകി; അനൂപ് ആന്റണി