തിരുവനന്തപുരത്ത് മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്|Couple seriously injured after being hit by vehicle driven by drunken police officer
Last Updated:
പോലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവര്‍ അനീഷ് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം: മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പെരുങ്കടവിളയില്‍ ആണ് സംഭവം. പോലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവര്‍ അനീഷ് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെളളുക്കുഴി സ്വദേശികളായ സജീവ് ഭാര്യ ആതിര എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് നിയന്ത്രണം തെറ്റിയ കാർ വന്നിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ജൂലൈ 27 ഞായറാഴ്ച വൈകിട്ട് പെരിങ്കടവിള ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. അനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പെരുങ്കടവിളയില്‍ നിന്ന് 2 കിലോ മീറ്റര്‍ അകലെ കീഴാറൂറില്‍ ഓട്ടോ റിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷം നിറുത്തിയിട്ടിരുന്ന ഒരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട അനീഷിന്‍റെ കാർ ദമ്പതികൾ സഞ്ചിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാറിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാർ നാട്ടുകാര്‍ വളഞ്ഞതോടെ അനീഷും സുഹൃത്തുക്കളും മദ്യക്കുപ്പികളുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, അനീഷിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പോലീസുകാരാണെന്ന് നാട്ടുകാർ പറയുന്നു. അപകടസ്ഥലത്തെത്തിയ പോലീസ് ഇവരിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ കേസെടുത്ത മാരായമുട്ടം പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും തന്നെ പോലീസുകാരല്ല എന്ന് അറിയിച്ചു. അപകടത്തിൽ സജീവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 30, 2025 9:17 AM IST