Leading News Portal in Kerala

നാല് മിനിറ്റെടുത്ത് വായിക്കൂ! 1971ൽ ഇന്ദിരാഗാന്ധി അമേരിക്കയോട് സഹായം തേടിയ കത്ത് പുറത്തുവിട്ട് രാഹുലിനോട് കേന്ദ്രം | The Centre urges Rahul Gandhi to read a letter from Indira Gandhi


Last Updated:

ഓപ്പറേഷന്‍ സിന്ദൂറില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ശക്തമായ മറുപടി നല്‍കി കേന്ദ്രം

രാഹുൽ ഗാന്ധി, കിരൺ റിജിജുരാഹുൽ ഗാന്ധി, കിരൺ റിജിജു
രാഹുൽ ഗാന്ധി, കിരൺ റിജിജു

ഓപ്പറേഷന്‍ സിന്ദൂരില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് (Rahul Gandhi) ശക്തമായ മറുപടി നല്‍കി കേന്ദ്രം. 1971-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് അന്നത്തെ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധി യുഎസ് മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ് എഴുതിയ കത്ത് പുറത്തുവിട്ടാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു തിരിച്ചടിച്ചത്. ഇന്ത്യയെ ആക്രമിക്കുന്നതില്‍ നിന്നും പിന്മാറാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കണമെന്ന് അമേരിക്കയോട്   അഭ്യർത്ഥിക്കുന്നതാണ് ഇന്ദിരാഗാന്ധിയുടെ  കത്ത്.

ഓപ്പറേഷന്‍ സിന്ദൂർ വഴി പാക്കിസ്ഥാനെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. നാല് ദിവസത്തെ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷത്തില്‍ കേന്ദ്രം സൈന്യത്തിന്റെ കൈകള്‍ കെട്ടിയെന്നും അതിനാൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്നും രാഹുല്‍ ആരോപിച്ചു. ഇതാണ് ചൂടേറിയ വിവാദത്തിന് തിരികൊളുത്തിയത്.

1971-ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത് ഇന്ദിരാഗാന്ധി പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ് എഴുതിയ കത്തിന്റെ യുഎസ് ആര്‍ക്കൈവ്‌സിലെ ലിങ്ക് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കിട്ടുകൊണ്ടായിരുന്നു മന്ത്രി തിരിച്ചടിച്ചത്. രാഷ്ട്രീയ ദൃഢനിശ്ചയത്തിൽ കോണ്‍ഗ്രസിന്റെ പാരമ്പര്യം അദ്ദേഹം ചോദ്യം ചെയ്തു. “ദയവായി നാല് മിനുറ്റ് സമയം ഇന്ദിരാഗാന്ധി പ്രസിഡന്റിന് അയച്ച കത്ത് വായിക്കാന്‍  എടുക്കൂ” എന്ന്  അഭ്യർത്ഥിച്ച റിജിജു ഇത് ഇന്ദിരാ ജിയുടെ രാഷ്ട്രീയ  ഇച്ഛാശക്തിയാണോയെന്നും ചോദിച്ചു.

1971 ഡിസംബര്‍ അഞ്ചിന്  എഴുതിയ കത്തിൽ ഇന്ത്യയ്ക്ക് എതിരായ  സൈനിക ആക്രമണം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കണമെന്ന്  ഇന്ദിരാഗാന്ധി പ്രസിഡന്റ് നിക്‌സണോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ മൂലകാരണമായ  ബംഗാള്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) വിഷയം പരിഹരിക്കാന്‍ സ്വാധീനം ഉപയോഗിക്കണമെന്നും ഇന്ദിരാഗാന്ധി നിക്‌സണോട് അഭ്യര്‍ത്ഥിച്ചു. ഇതിനെ രാജ്യത്തിന്റെ സുരക്ഷയും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടിയായി  ന്യായീകരിക്കാനും മുൻ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരില്‍ സൈന്യത്തെ പിന്തുണയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന രാഹുലിന്റെ വിമര്‍ശനത്തിന് നേരിട്ടുള്ള പ്രഹരമാണ് റിജിജുവിന്റെ പരാമര്‍ശവും കത്തും. സൈന്യത്തിനുന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പ്രതിരോധ മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും ഇത് രാഷ്ട്രീയ തലത്തില്‍ ഇച്ഛാശക്തിയുടെ അഭാവം സൂചിപ്പിക്കുന്നുണ്ടെന്നുമായിരുന്നു 40 മിനിറ്റ് നീണ്ട പ്രസംഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം.

മലയാളം വാർത്തകൾ/ വാർത്ത/India/

നാല് മിനിറ്റെടുത്ത് വായിക്കൂ! 1971ൽ ഇന്ദിരാഗാന്ധി അമേരിക്കയോട് സഹായം തേടിയ കത്ത് പുറത്തുവിട്ട് രാഹുലിനോട് കേന്ദ്രം