Leading News Portal in Kerala

കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിൽ യുട്യൂബിനെയും ഉൾപ്പെടുത്തി ഈ രാജ്യം  This country includes YouTube in its social media ban for teenagers


Last Updated:

വീഡിയോ ഹോസ്റ്റിംഗ് പ്ളാറ്റ്ഫോമായ യുട്യൂബിനെ സോഷ്യൽ മീഡിയയായി പരിഗണിക്കരുതെന്നാണ് നിരോധനത്തെ എതിർക്കുന്നവരുടെ വാദം

News18News18
News18

കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിൽ യുട്യൂബിനെയും ഉൾപ്പെടുത്തി ഓസ്‌ട്രേലിയ. യുട്യൂബിനെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള മുൻ തീരുമാനം റദ്ദാക്കിയാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. 37 ശതമാനം പ്രായപൂർത്തിയാകാത്തവരും സൈറ്റിൽ ദോഷകരമായ ഉള്ളടക്കം കാണുന്നുണ്ടെന്ന ഒരു സർവെ വെളിപ്പെടുത്തലിനെത്തുടർന്നാണ് യുട്യൂബിനെയും നിരോധന പട്ടികയിലുൾപ്പെടുത്തണമെന്ന് ഇന്റർനെറ്റ് റെഗുലേറ്ററുർ ശുപാർശ ചെയ്തത്. ഇതാണ് മുൻ തീരുമാനം റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.

സോഷ്യൽ മീഡിയയ്ക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഓസ്‌ട്രേലിയൻ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതിൽ സംശയമില്ലെന്നും അതിനാലാണ് തീരുമാനമെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. ഡിസംബറിലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. 13-15 വയസ്സ് പ്രായമുള്ള ഓസ്‌ട്രേലിയൻ കൗമാരക്കാരിൽ മുക്കാൽ ഭാഗവും യുട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ വീഡിയോ ഹോസ്റ്റിംഗ് പ്ളാറ്റ്ഫോമായ യുട്യൂബിനെ സോഷ്യൽ മീഡിയയായി പരിഗണിക്കരുതെന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം.വിദ്യാഭ്യാസ വിദഗ്ധർക്കിടയിലും മറ്റുമുള്ള ജനപ്രീതി കണക്കിലെടുത്ത് യൂട്യൂബിനെ നിരോധനത്തിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞവർഷം സർക്കാർ പദ്ധതിയിട്ടിരുന്നു. മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്തൃ ഇടപെടലും അൽഗോരിതം ഉള്ളടക്ക ശുപാർശകളും ഉൾപ്പെടെയുള്ള പ്രധാന സവിശേഷതകൾ യൂട്യൂബ് അവരുടെ സേവനങ്ങളുമായി പങ്കിടുന്നുവെന്ന് വാദിച്ചുകൊണ്ട് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഉൾപ്പെടെയുള്ളവ നിരോധനത്തെ എതിർത്തിരുന്നു.

സൗജന്യവും ഉയർന്ന നിലവാരമുള്ളതുമായ ഉള്ളടക്കത്തിന്റെ വിശാലമായ ലൈബ്രറിയുള്ള ഒരു വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമാണ് യുട്യൂബെന്നും ഇത് സോഷ്യൽ മീഡിയയല്ലെന്നും ഒരു യുട്യൂബ് വക്താവ് അറിയിച്ചു. അതേസമയം നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂട്യൂബ് പറഞ്ഞതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ യൂട്യൂബ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

16 വയസ്സിന് താഴെയുള്ളവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. അല്ലാത്തപക്ഷം 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കും. നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് അറിയിക്കുന്ന പ്രായപരിശോധനാ പരിശോധനകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഈ മാസം അവതരിപ്പിക്കും.