ധർമസ്ഥലയിലെ ആറാമത്തെ പോയിന്റിലെ പരിശോധനയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി| Skeletal remains found during an investigation in Dharmasthala
Last Updated:
ലഭിച്ചത് മനുഷ്യന്റെ അസ്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. പുരുഷന്റെ അസ്ഥികൂടവുമായി സാമ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സാക്ഷി വെളിപ്പെടുത്തിയ സ്ഥലങ്ങള്‍ കുഴിച്ചുള്ള പരിശോധനയ്ക്കിടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയന്റില്‍ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ലഭിച്ചത് മനുഷ്യന്റെ അസ്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. ലഭിച്ച അവശിഷ്ടങ്ങള്‍ പുരുഷന്റെ അസ്ഥികൂടവുമായി സാമ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന പരിശോധനയില്‍ ആദ്യമായാണ് അവശിഷ്ടം ലഭിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഫോറന്‍സിക് സംഘം കൂടുതല്‍ പരിശോധനയ്ക്കായി അവശിഷ്ടങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വിശദമായ ഫോറന്‍സിക് പരിശോധന നടത്തും.
ബുധനാഴ്ച പരിശോധന നടത്തിയ അഞ്ച് ഇടങ്ങളില്‍നിന്നും മനുഷ്യാവശിഷ്ടങ്ങളുടെ ഒരു തെളിവും ലഭിച്ചിച്ചിരുന്നില്ല. നേത്രാവതി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലങ്ങളില്‍ ആദ്യത്തേത് ചൊവ്വാഴ്ച സാക്ഷിയുടെ സാന്നിധ്യത്തില്‍ കുഴിച്ചിരുന്നു. ജലപ്രവാഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും റവന്യൂ വകുപ്പ് ജീവനക്കാരും ജെസിബി ഉപയോഗിച്ച് കൂടുതല്‍ ആഴത്തില്‍ കുഴിച്ചെങ്കിലും, സ്ഥലത്ത് അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
ഫോറന്‍സിക് വിദഗ്ധര്‍, വനം ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ആന്റി-നക്‌സല്‍ ഫോഴ്സ് (എഎന്‍എഫ്) ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമാണ് പരിശോധനയ്ക്കായി ഉള്ളത്.
ധര്‍മസ്ഥലയില്‍ മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ശുചീകരണ തൊഴിലാളി, മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് അവകാശപ്പെട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ അന്വേഷണ സംഘം ഈ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തു. സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. 9 മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടുസ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്.
Dakshina Kannada,Karnataka
July 31, 2025 2:50 PM IST