കുട്ടികളുമായി ഉല്ലാസയാത്ര പോയി വരുന്നുവെന്ന വ്യാജേന കാറിൽ ലഹരി കടത്തിയ നാലംഗസംഘം പിടിയിൽ| couple and friends arrested in kovalam for smuggling mdma and hybrid cannabis in car
Last Updated:
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് കണ്ടെടുത്തു
തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്ര പോയി വരുന്നുവെന്ന വ്യാജേന കാറിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ നാലംഗസംഘം പിടിയിൽ. യുവതിയുള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം (35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി (31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (24), രാജാജി നഗർ സ്വദേശി സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിലായത്.
കോവളം ജംഗ്ഷനിൽ വച്ച് ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലും ഗ്രാമീണ മേഖലകളിലും ഉൾപ്പടെ സംഘം ലഹരി വില്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്ന സമയത്ത് യുവതിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
അതേസമയം, പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് കണ്ടെടുത്തു. കാറിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയാണ് സംഘത്തെ കുടുക്കിയത്. വിവരം ലഭിച്ചത് പ്രകാരം ഡാൻസാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പോലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ പ്രതികൾ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ സഞ്ചരിച്ചിരുന്ന കാറും ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു.
കൊല്ലത്ത് നിന്നും മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറാണ് സംഘം ലഹരി കടത്താൻ ഉപയോഗിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്‌നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 31, 2025 7:40 AM IST