കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം ഷോൺ ജോർജ് ഛത്തീസ്ഗഡിൽ| malayali nuns arrest bjp leader shone george arrives in chhattisgarh | Kerala
Last Updated:
രാജീവ് ചന്ദ്രശേഖർ സിറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടേലുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കി കേരളത്തിലെ ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ഛത്തീസ്ഗഡിലെത്തി. ഇതിനിടെ, കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ സിറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടേലുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചുവെന്നും എത്രയും വേഗം ജാമ്യം ലഭിക്കണമെന്നാണ് റാഫേൽ തട്ടിൽ ആവശ്യപ്പെട്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കന്യാസ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സഭ പാർട്ടിയുടെ സഹായം തേടിയത് മൂന്ന് ദിവസം മുൻപാണ്. എല്ലാവിധ സഹായങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്നും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ അവിടെ പോയി രാഷ്ട്രീയ നാടകം കളിക്കുന്നുണ്ട്. ഛത്തീസ്ഗഡിന് അവരുടേതായ നിയമങ്ങൾ ഉണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഡിഎഫ്- എൽഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു അമിത് ഷാ നിർദേശിച്ചത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞിരുന്നു.
Kochi [Cochin],Ernakulam,Kerala
August 01, 2025 8:41 AM IST