Leading News Portal in Kerala

ഉപരാഷ്ട്രപതി 40 ദിവസത്തിനുള്ളിൽ; തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്‌| Vice Presidential Poll To Be Held On September 9 | India


Last Updated:

സെപ്റ്റംബര്‍ 9ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് തിരഞ്ഞെടുപ്പ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതേദിവസം തന്നെ വോട്ടെണ്ണലും നടക്കും

(Sansad TV)(Sansad TV)
(Sansad TV)

പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9ന് തിരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധന്‍ഖര്‍ രാജിവെച്ചതാണ് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണം.

സ്ഥാനാർഥികൾക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 വരെയാണ്. ഓഗസ്റ്റ് 25നുള്ളില്‍ നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസരവുണ്ട്. സെപ്റ്റംബര്‍ 9ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് തിരഞ്ഞെടുപ്പ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതേദിവസം തന്നെ വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ ഉപരാഷ്ട്രപതിയാകുന്നതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യസഭാ അധ്യക്ഷസ്ഥാനവും വഹിക്കും.

ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖര്‍ അപ്രതീക്ഷിതമായി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധന്‍കര്‍ രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കിയത്. ധന്‍ഖറിന്റെ രാജി പ്രതിപക്ഷത്തെ ഉള്‍പ്പെടെ ഞെട്ടിച്ചിരുന്നു. രാജ്യസഭാ നടപടിക്രമങ്ങളില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

”ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 66 അനുസരിച്ച് പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്,” തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. ഇരുസഭകളിലെയും എംപിമാര്‍ രഹസ്യ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തുക.

നിലവില്‍ രാജ്യസഭയില്‍ തിരഞ്ഞെടുപ്പെട്ട 233 അംഗങ്ങളുണ്ട്. 12 എംപിമാരെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. അതേസമയം ലോക്‌സഭയില്‍ 543 എംപിമാരാണുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇലക്ടറല്‍ കോളേജില്‍ ആകെ 788 അംഗങ്ങളാണുള്ളത്. പാര്‍ലമെന്റ് ഹൗസിലാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.