പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് കനത്ത തിരിച്ചടി; വരുമാനത്തകർച്ച; ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 37 % ഇടിവ്| turkeys role in aiding pakistan during operation sindoor backfired | World
തുർക്കിയിൽ നിന്നുള്ള ഔദ്യോഗിക ടൂറിസം കണക്കുകൾ പ്രകാരം, ജൂണിൽ 24,250 ഇന്ത്യൻ വിനോദസഞ്ചാരികൾ മാത്രമാണ് രാജ്യം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 38,307 ഇന്ത്യൻ വിനോദസഞ്ചാരികൾ സന്ദർശിച്ചിരുന്ന അതേ മാസത്തിൽ നിന്ന് ഏകദേശം 37 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിൽ 31,659 ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്ക് പോയി. 2024 മെയ് മാസത്തിൽ 41,554 ഇന്ത്യക്കാരാണ് തുർക്കിയിലെ മനോഹാരിത ആസ്വദിക്കാനെത്തിയത്.
മെയ് 9 ന് തുർക്കി നിർമ്മിത ഡ്രോണുകൾ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിച്ചുവെന്നത് പുറത്തുവന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണ കൂടി നൽകിയതോടെ തുര്‍ക്കിക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യയിൽ ഉയർന്നു.
193 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളിൽ മൂന്നെണ്ണം മാത്രമേ പാകിസ്ഥാനെ അനുകൂലിച്ചുള്ളൂവെന്നും ബാക്കിയുള്ള രാജ്യങ്ങൾ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പിന്തുണച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച ആദ്യം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിലും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (OIC) ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ ഇസ്ലാമാബാദിനൊപ്പം നിന്ന രാജ്യങ്ങളായ തുർക്കി, ചൈന, അസർബൈജാൻ എന്നിവയെക്കുറിച്ചാണ് മോദി പരാമർശിച്ചത്. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയപ്പോൾ ഈ മൂന്ന് രാജ്യങ്ങളും പാകിസ്ഥാന് അനുകൂലമായി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു.
തുർക്കിയുടെ നിലപാട് ഇന്ത്യയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾക്ക് ഇടയാക്കിയിരുന്നു. മേക്ക്‌മൈട്രിപ്പ്, ഈസ്‌മൈട്രിപ്പ്, ക്ലിയർട്രിപ്പ് തുടങ്ങിയ ട്രാവൽ പോർട്ടലുകൾ തുർക്കി ടൂർ പാക്കേജുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആഘാതം പതുക്കെയാണെങ്കിലും ശക്തമായി പ്രകടമാകാൻ തുടങ്ങിയെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
മെയ്, ജൂൺ മാസങ്ങളിലാണ് ഏറ്റവും അധികം ഇന്ത്യൻ വിനോദസഞ്ചാരികൾ വിദേശ രാജ്യങ്ങള്‍ സന്ദർശിക്കുന്നത്.
“ഇന്ത്യൻ വിനോദസഞ്ചാരികൾ സാധാരണയായി അവരുടെ അവധിക്കാല യാത്രകൾ വളരെ മുൻകൂട്ടി ബുക്ക് ചെയ്യുന്നു, അതിനാൽ ടൂറിസത്തിലെ ഇടിവിന്റെ യഥാർത്ഥ ആഘാതം ജൂണിൽ കാണാൻ കഴിയും,” ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജി 7 ഉച്ചകോടിക്കായി കാനഡയിലേക്കുള്ള യാത്രാമധ്യേ സൈപ്രസ് സന്ദർശിച്ചു. സൈപ്രസുമായി ദീർഘകാല അതിർത്തി തർക്കം നിലനിൽക്കുന്നതിനാൽ തുർക്കിക്ക് നൽകിയ സന്ദേശമായാണ് വിലയിരുത്തപ്പെട്ടത്. പ്രധാനമന്ത്രി മോദിയും സൈപ്രസ് പ്രസിഡന്റും ചരിത്രപരമായ കേന്ദ്രമായ നിക്കോഷ്യ സന്ദർശിച്ചു. 1974 മുതൽ തുർക്കി അധിനിവേശത്തിൽ തുടരുന്ന വടക്കൻ സൈപ്രസിലെ പർവതപ്രദേശവും പ്രസിഡന്റ്, മോദിക്ക് കാണിച്ചുകൊടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചക്കകം തന്നെ, കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 28 ന് സി-130ഇ ഹെർക്കുലീസ് തുർക്കി വിമാനം കറാച്ചിയിൽ വന്നിറങ്ങിയത് പാകിസ്ഥാനുള്ള ഡ്രോണുകളുമായാണെന്ന് ഇന്ത്യ സംശയിക്കുന്നു. ഏപ്രിൽ 30 ന്, ലെഫ്റ്റനന്റ് ജനറൽ യാസർ കദിയോഗ്ലുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നത തുർക്കി സൈനിക, രഹസ്യാന്വേഷണ സംഘം ഇസ്ലാമാബാദിലെ പാകിസ്ഥാൻ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച് ചീഫ് ഓഫ് സ്റ്റാഫുമായി കൂടിക്കാഴ്ച നടത്തി.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള നിലപാടുകളിലും പ്രസ്താവനകളിലും പോലും, പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കീഴിലുള്ള തുർക്കി സർക്കാർ പൂർണമായും പാകിസ്ഥാൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെച്ചൊല്ലി ഇന്ത്യയുമായുള്ള സംഘർഷത്തിൽ എർദോഗൻ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തുർക്കി സന്ദർശിച്ചിരുന്നു.
New Delhi,New Delhi,Delhi
August 01, 2025 2:12 PM IST
പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് കനത്ത തിരിച്ചടി; വരുമാനത്തകർച്ച; ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 37 % ഇടിവ്