മാലേഗാവ് കേസ്: അന്വേഷണം കെട്ടിച്ചമച്ചതെന്ന് മുന്‍ എടിഎസ് ഉദ്യോഗസ്ഥൻ; ‘മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ നിർദേശമുണ്ടായി’ | India
Last Updated:
രാം കല്‍സംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ് പട്ടീദാര്‍, ഭാഗവത് എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളെ ലക്ഷ്യം വയ്ക്കാന്‍ തനിക്ക് രഹസ്യ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു
2008-ലെ മാലേഗാവ് ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍. എടിഎസ് അന്വേഷണം വ്യാജമായിരുന്നുവെന്നും കാവി ഭീകരത സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും മുന്‍ എടിഎസ് ഉദ്യോഗസ്ഥനായിരുന്ന മെഹബൂബ് മുജാവര്‍ അവകാശപ്പെട്ടു.
കോളിളക്കം സൃഷ്ടിച്ച മാലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ പ്രജ്ഞാസിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിചാരണ കോടതിയുടെ വിധി വന്നതിനുപിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. തെറ്റിദ്ധാരണ പരത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അന്ന് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അന്വേഷണം കെട്ടിച്ചമച്ചതാണെന്നും കോടതി വിധിയോട് പ്രതികരിച്ച് സോളാപൂരില്‍ സംസാരിക്കവെ മുൻ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എടിഎസ് അന്വേഷണത്തിലൂടെ കണ്ടെത്തിയ വ്യാജ കാര്യങ്ങള്‍ കോടതി വിധിയിലൂടെ ഇല്ലാതായെന്നും മുജാവര്‍ പറഞ്ഞു. എടിഎസ് അന്വേഷണത്തെ നയിച്ചത് ഒരു വ്യാജ ഉദ്യോഗസ്ഥനാണെന്നും വ്യാജമായുണ്ടാക്കിയ അന്വേഷണത്തെ കോടതി വിധി തുറന്നുകാട്ടിയെന്നും മുജാവര്‍ ആരോപിച്ചു. മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. രാം കല്‍സംഗ്ര, സന്ദീപ് ഡാംഗെ, ദിലീപ് പട്ടീദാര്‍, ഭാഗവത് എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളെ ലക്ഷ്യം വയ്ക്കാന്‍ തനിക്ക് രഹസ്യ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആ നിര്‍ദ്ദേശങ്ങള്‍ താന്‍ നടപ്പാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് യുക്തിക്ക് അതീതമായിരുന്നുവെന്നും ഭയാനകമായിരുന്നുവെന്നുമാണ് മുജാവര്‍ വിശേഷിപ്പിച്ചത്. ആ സമയത്ത് എടിഎസ് എന്താണ് അന്വേഷിച്ചതെന്നും എന്തുകൊണ്ടാണിതെന്നും തനിക്ക് പറയാനാവില്ലെന്നും കാവി ഭീകരതയെ നിഷേധിച്ചുകൊണ്ട് മുജാവര്‍ വ്യക്തമാക്കി. കാവി ഭീകരത ഉണ്ടായിരുന്നില്ലെന്നും എല്ലാം വ്യാജമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോഹന്‍ ഭാഗവതിനെ പോലെ ഒരു വലിയ വ്യക്തിത്വത്തെ പിടികൂടുക തന്റെ കഴിവിനും അപ്പുറമായിരുന്നുവെന്നും ഈ ഉത്തരവുകള്‍ പാലിക്കാത്തതിനാല്‍ തനിക്കെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ഈ സംഭവം തന്റെ 40 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചതായും ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ എടിഎസ് അന്വേഷിച്ച മാലേഗാവ് സ്‌ഫോടന കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുകയായിരുന്നു.
Thiruvananthapuram,Kerala
August 01, 2025 5:18 PM IST
മാലേഗാവ് കേസ്: അന്വേഷണം കെട്ടിച്ചമച്ചതെന്ന് മുന്‍ എടിഎസ് ഉദ്യോഗസ്ഥൻ; ‘മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ നിർദേശമുണ്ടായി’