Leading News Portal in Kerala

കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജി പ്രോസിക്യൂഷൻ എതിർത്തു; വാദം പൂർത്തിയായി, വിധി നാളെ Prosecution opposes arrested nuns bail plea In court verdict on Saturday | India


Last Updated:

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നും വാദിച്ചാണ് പ്രോസിക്യൂഷൻ എൻഐഎ കോടതിയിൽ ജാമ്യഹർജിയെ എതിർത്തത്

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും  ജാമ്യഹര്‍ജിയെ എതിർത്ത് പ്രോസിക്യൂഷൻ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നും വാദിച്ചാണ് പ്രോസിക്യൂഷൻ എൻഐഎ കോടതിയിൽ ജാമ്യഹർജിയെ എതിർത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസാണിതെന്നും തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എട്ടു ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ. ജാമ്യഹർജിയിലെ വാദങ്ങൾ പൂർത്തിയായി. നാളെ രാവലെ 11 മണിയോടെ ജാമ്യഹർജിയിലെ വിധി വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

നേരത്തെ മജസിട്രേറ്റ് കോടതിയും സെഷൻ‌സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ സെഷൻസ് കോടതി, ബിലാസ്പൂരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചിരുന്നു. ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിലും ഛത്തീസ്​ഗഡ് സ‍ർക്കാർ എതി‍ർത്തിരുന്നു

മനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ആശുപത്രി, ഓഫീസ് ജോലികൾക്കായി 2 പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റങ്ദൾ പ്രവർത്തകരും ചോദ്യം ചെയ്തത്. പെൺകുട്ടികളുടെ കുടുംബവും കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്.