‘വിദഗ്ധസമിതി റിപ്പോർട്ടിൽ എന്താണെന്ന് അറിയില്ല, കത്ത് അടിച്ചതുപോലും സ്വന്തം പൈസയ്ക്ക്’ വികാരാധീനനായി ഡോ. ഹാരിസ് ചിറയ്ക്കൽ| doctor Harris Chirakkal says he does not know what is in the expert committee report | Kerala
Last Updated:
ഡോക്ടർ ഹാരിസിനെതിരായ നടപടി സ്വാഭാവികമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയെകുറിച്ചുള്ള വെളിപ്പെടുത്തലിൽ ഡിഎംഇ വിശദീകരണം തേടിയതിനെകുറിച്ചുള്ള പ്രതികരണത്തിനിടെ വികാരാധീനനായി ഡോ. ഹാരിസ് ചിറയ്ക്കൽ. സമിതി റിപ്പോർട്ടിൽ എന്താണെന്ന് അറിയില്ലെന്നും കത്ത് കൊടുത്ത കാലയളവിൽ ഉപകരണങ്ങൾ കിട്ടിയിട്ടില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചു. കത്ത് അടിക്കാനുള്ള പേപ്പർ വരെ താൻ പൈസ കൊടുത്താണ് വാങ്ങിയത്. ഇതൊക്കെ പറയാൻ നാണക്കേടുണ്ടെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ വൈകാരിമായി പ്രതികരിച്ചു..
മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സർക്കാർ വാദം പൊളിയുകയാണ്. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആ കമ്മിറ്റിയിൽ ഉള്ള നാലുപേരും തന്റെ സഹപ്രവർത്തകരാണെന്നും ഹാരിസ് പറഞ്ഞു. ‘എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവർ. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാൻ അവർ നിർബന്ധിതരായത് എന്ന് തനിക്കറിയില്ല’ – ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
കത്ത് നൽകിയതിന് ശേഷവും ഉപകരണങ്ങൾ കിട്ടിയിരുന്നില്ല. ഉപകരണങ്ങൾ വേണ്ട മുറയ്ക്ക് താൻ വേണ്ടപ്പെട്ടവരെ അറിയിക്കുന്നുണ്ട്. കത്തടിക്കാനുള്ള പേപ്പർ വരെ താൻ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് എടുക്കാനുള്ള സംവിധാനം പോലും മെഡിക്കൽ കോളേജിലില്ല. അത്രയും ഗതികേടാണ് അവിടെയുള്ളത് എന്നും ഹാരിസ് പറഞ്ഞു. ഒരു രോഗിയുടെ ജീവൻ രക്ഷാ ഉപകരണമാണ് താൻ ആവശ്യപ്പെട്ടത്. അതിന് അടിയന്തരമായ നടപടികളാണ് വേണ്ടതെന്നും ഹാരിസ് ആവശ്യപ്പെട്ടു. ഒരു പൗരന്റെ ജീവനെ സാമ്പത്തികപ്രതിസന്ധി ബാധിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ രീതിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന വെളിപ്പെടുത്തലില്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് ഇന്നലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഡോക്ടർ ഹാരിസിനെതിരായ നടപടി സ്വാഭാവികമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണഭാഗം കാണാതായി. അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 01, 2025 9:56 AM IST
‘വിദഗ്ധസമിതി റിപ്പോർട്ടിൽ എന്താണെന്ന് അറിയില്ല, കത്ത് അടിച്ചതുപോലും സ്വന്തം പൈസയ്ക്ക്’ വികാരാധീനനായി ഡോ. ഹാരിസ് ചിറയ്ക്കൽ