International Day of Action for Women’s Health 2024 | സ്ത്രീകളുടെ ആരോഗ്യ പ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര ദിനം|International Day of Action for Women’s Health 2024: Theme, History and Significance | Health
Last Updated:
സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആഗോള തലത്തിൽ ഏറി വരുന്ന ഒരു കാലത്ത് ഈ ദിനത്തിന്റെ പ്രാധാന്യവും ശ്രദ്ധേയമാണ്.
സ്ത്രീകളുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തിനും മറ്റ് അവകാശങ്ങൾക്കും വേണ്ടി എല്ലാ വർഷവും മെയ് 28 സ്ത്രീകളുടെ ആരോഗ്യ പ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആഗോള തലത്തിൽ ഏറി വരുന്ന ഒരു കാലത്ത് ഈ ദിനത്തിന്റെ പ്രാധാന്യവും ശ്രദ്ധേയമാണ്.
“മൊബിലൈസിങ് ഇൻ ക്രിട്ടിക്കൽ ടൈംസ് ഓഫ് ത്രെറ്റ്സ് ആൻഡ് ഓപ്പർചൂണിറ്റീസ് (Mobilizing in critical times of threats and opportunities ) “എന്നതാണ് 2024 ലെ സ്ത്രീകളുടെ ആരോഗ്യ പ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം. സ്ത്രീകളുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തിനും അവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ (എസ്ആർഎച്ച്ആർ) ഈ ദിവസം ലോകമെമ്പാടും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 1987ൽ, കോസ്റ്റാറിക്കയിൽ നടന്ന ലാറ്റിനമേരിക്കൻ ആൻഡ് കരീബിയൻ വിമൻസ് ഹെൽത്ത് നെറ്റ്‌വർക്ക് (എൽഎസിഡബ്ല്യൂഎച്ച്എൻ) ആണ് എല്ലാ വർഷവും മെയ് 28 സ്ത്രീകളുടെ ആരോഗ്യ പ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്.
പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം എൽഎസിഡബ്ല്യൂഎച്ച്എൻ ഏറ്റെടുത്തപ്പോൾ, വിമൻസ് ഗ്ലോബൽ നെറ്റ്‌വർക്ക് ഫോർ റീപ്രൊഡക്റ്റീവ് റൈറ്റ്‌സ് ആഗോളതലത്തിൽ ഈ ദിനത്തിന്റെ പ്രചാരണം നടത്തുന്നു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ വർഷവും ഈ രണ്ട് സംഘടനകളും വിവിധ കാമ്പെയ്നുകൾ നടത്തുന്നു. സ്ത്രീകളുടെ ആരോഗ്യപരിപാലനം, ഗര്‍ഭച്ഛിദ്രാവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക, എച്ച്‌ഐവി/എയ്ഡ്‌സ്, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം എന്നിവ പ്രധാന വിഷയങ്ങളാണ്.
സ്ത്രീകളുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിന് കൂടിയാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. 1987 മുതൽ വിവിധ രാജ്യങ്ങളിലെ സർക്കാരുകളും അന്താരാഷ്ട്ര ഏജൻസികളും ലോകമെമ്പാടുമുള്ള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും ഈ ദിനം അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ കാമ്പെയ്‌നുകൾ നടപ്പാക്കാനും ജുഡീഷ്യൽ, നിയമനിർമ്മാണ പരിഷ്‌കാരങ്ങൾക്ക് രൂപം നൽകാനും ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
New Delhi,New Delhi,Delhi