Leading News Portal in Kerala

ഓർത്തിരിക്കാൻ എളുപ്പമുള്ള സെക്യൂരിറ്റി പിൻ നമ്പർ ആണോ നിങ്ങളുടേത്? പണി കിട്ടാൻ സാധ്യത ഏറെ | Things to know before setting security pin number | Tech


Last Updated:

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പിൻ നമ്പർ 1234 ആണെന്ന് സൈബർ സെക്യൂരിറ്റി പഠനം

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളുമെല്ലാം വർധിച്ച് വരുന്ന കാലത്തും ആളുകൾ ഉപയോഗിക്കുന്നത് വളരെ എളുപ്പമുള്ള സെക്യൂരിറ്റി പിൻ നമ്പറുകളാണെന്ന് പഠന റിപ്പോർട്ട്. കൂടുതൽ സുരക്ഷിതത്വത്തിന് വേണ്ടിയാണ് യഥാർഥത്തിൽ പിൻ നമ്പറുകൾ ഉപയോഗിക്കുന്നത്. എന്നാൽ എളുപ്പമുള്ള പാസ‍്‍വേ‍ർഡുകൾ ഹാക്കർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുമെന്നതാണ് വസ്തുത.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പിൻ നമ്പർ 1234 ആണെന്നാണ് ഏറ്റവും പുതിയ സൈബർ സെക്യൂരിറ്റി പഠനം പറയുന്നത്. ചിപ്പുകളുടെയും കാർഡുകളുടെയും മുതൽ മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയുമെല്ലാം പിൻ നമ്പർ ആയി നിരവധി പേർ ഉപയോഗിക്കുന്നത് 1234 എന്ന പിൻ നമ്പറാണ്. ഇൻഫർമേഷൻ ഈസ് ബ്യൂട്ടിഫുൾ എന്ന കൂട്ടായ്മയുടെ പഠനം പറയുന്നത് വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പോലും സുരക്ഷിതമായി വെക്കാൻ വേണ്ടി ആളുകൾ ഉപയോഗിക്കുന്ന പിൻ നമ്പറുകൾ ഏറ്റവും എളുപ്പത്തിൽ ഉള്ളതാണെന്നതാണ്.

പഠനം നടത്തിയവരിൽ 11 ശതമാനം പേരും ഉപയോഗിക്കുന്ന പിൻ നമ്പർ 1234 ആണെന്നാണ് കണ്ടെത്തൽ. 1111, 1212, 7777 എന്നിവയാണ് ആളുകൾ ഉപയോഗിക്കുന്ന എളുപ്പത്തിലുള്ള മറ്റ് പിൻ നമ്പറുകൾ. ഡാറ്റ ജെനറ്റിക്സിൽ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും എളുപ്പമുള്ളതും കൂടുതൽ പേർ ഉപയോഗിക്കുന്നതുമായ പിൻ നമ്പറുകളാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 3.4 മില്യൺ പിൻ നമ്പറുകളും പാസ്കോഡുകളുമാണ് പരിശോധിച്ചത്. ഇതിൽ കൂടുതൽ പേരും എളുപ്പമുള്ള പിൻ നമ്പറുകളാണ് ഉപയോഗിക്കുന്നത്.

ഏറ്റവും എളുപ്പമുള്ള നാലക്ക പിൻ നമ്പറുകൾ താഴെ പറയുന്നവയാണ്:

  • 1234
  • 1111
  • 0000
  • 1212
  • 7777
  • 1004
  • 2000
  • 4444
  • 2222
  • 6969

വളരെ കുറച്ച് ആളുകൾ മാത്രം ഉപയോഗിക്കുന്ന പ്രയാസമുള്ള പിൻ നമ്പറുകൾ താഴെ പറയുന്നവയാണ്:

  • 8557
  • 8438
  • 9539
  • 7063
  • 6827
  • 0859
  • 6793
  • 0738
  • 6835
  • 8093

എളുപ്പമുള്ളതും മറ്റുള്ളവർക്ക് ഊഹിച്ചാൽ തന്നെ കണ്ടെത്താൻ സാധിക്കുന്നതുമായ പിൻ നമ്പറുകൾ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് ഇഎസ്ഇടിയിലെ സൈബർ സെക്യൂരിറ്റി ഉപദേശകനായ ജെയ്ക് മൂർ പറഞ്ഞു. “ഇത്തരം പിൻ നമ്പറുകൾ ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും,” അദ്ദേഹം പറഞ്ഞു.

“എളുപ്പമുള്ള പാസ‍്‍വേ‍ർഡുകളും പിൻ നമ്പറുകളും ഉപയോഗിച്ച് ആളുകൾ അവരെ തന്നെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. വലിയ തട്ടിപ്പിന് ഇരയാവുമ്പോൾ മാത്രമാണ് തങ്ങൾ ചെയ്ത അബദ്ധം എത്ര വലുതാണെന്ന് അവർ മനസ്സിലാക്കുക,” യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയിൽ ഓൺലൈൻ ടാബ്ലോയ്ഡിനോട് സംസാരിക്കവേ മൂർ പറഞ്ഞു.

ലോകത്തിലെ 70 ശതമാനം പാസ‍്‍വേ‍ർഡുകളും സെക്കൻറുകൾക്കുള്ളിൽ തന്നെ കണ്ടെത്താൻ സാധിക്കുമെന്ന് പിൻ നമ്പറുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് പഠനം നടത്തിയ നോർഡ്പാസിൻെറ സിടിഒ തോമസ് സ്മാലകിസ് പറയുന്നു. അവരവരുടെ പിറന്നാൾ തീയതിയും മറ്റും പിൻ നമ്പറായി ഉപയോഗിക്കുന്നതും അത്ര സുരക്ഷിതമായ കാര്യമല്ല. ഇത്തരം എളുപ്പമുള്ള പിൻ നമ്പർ കണ്ടെത്താൻ ഹാക്കർമാർക്ക് ടൈപ്പ് ചെയ്ത് നോക്കേണ്ട ആവശ്യം പോലും ഇല്ലെന്നും ഇവർ വ്യക്തമാക്കുന്നു.