Leading News Portal in Kerala

സ്‌ട്രോക്ക് ചികിത്സയക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂതന സംവിധാനം; രാജ്യത്ത് ആദ്യം| Neuro intervention for stroke treatment in Thiruvananthapuram Medical College for the first time among medical colleges in the country


Last Updated:

സ്‌ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകള്‍ അടയുമ്പോള്‍ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കല്‍ ത്രോമ്പക്ടമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററില്‍ സജ്ജമാക്കിവരുന്നത്.

തിരുവനന്തപുരം: സ്ട്രോക്ക് ചികിത്സയ്ക്കായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായി. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റര്‍വെന്‍ഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി 2 വര്‍ഷത്തെ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകള്‍ അടയുമ്പോള്‍ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കല്‍ ത്രോമ്പക്ടമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററില്‍ സജ്ജമാക്കിവരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കല്‍ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റന്‍വെന്‍ഷന്‍ സംവിധാനം വന്നതോടു കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സമഗ്ര സ്‌ട്രോക്ക് സെന്ററായി പൂര്‍ണമായി മാറി.

സ്‌ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആന്‍ജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തില്‍ ഈ കാലയളവില്‍ സജ്ജമാക്കി. സ്‌ട്രോക്കിന്റെ ചികിത്സയായ രക്തം അലിയിക്കുന്ന ത്രോംബോലൈസിസും മെക്കാനിക്കല്‍ ത്രോമ്പക്ടമിയും കഴിഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കുവാന്‍ 12 കിടക്കകളുള്ള സ്‌ട്രോക്ക് ഐസിയു സ്ഥാപിച്ചിട്ടുണ്ട്. തീവ്ര പരിചരണത്തിനിടയില്‍ തലച്ചോറില്‍ അമിതമായ നീര്‍ക്കെട്ടുണ്ടായാല്‍ ന്യൂറോസര്‍ജന്റെ സഹായത്തോടു കൂടി ഡികമ്പ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനവുമുണ്ട്. ചെറിയ രീതിയില്‍ സ്‌ട്രോക്ക് വന്നാല്‍ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കില്‍ വാസ്‌ക്യുലര്‍ സര്‍ജന്റെ സഹായത്തോട് കൂടി എന്റാര്‍ട്ട്‌റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കല്‍ കോളേജിലുണ്ട്.

നൂതന സംവിധാനങ്ങളായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍, ഡി കമ്പ്രസീവ് ക്രയിനെക്ടമി, എന്റാര്‍ട്ട്‌റെക്ടമി, തീവ്ര പരിചരണം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് സമഗ്ര സ്‌ട്രോക്ക് സെന്ററാണ് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിരിക്കുന്നത്.