‘പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ അനുഭവം തന്നെ ഇന്ത്യയിലും’ ദീപികയുടെ എഡിറ്റോറിയൽ; പള്ളികളിൽ ഇടയലേഖനം Catholic church daily deepika equates plight of experience of minorities in India to that or pakistan in sunday editorial | Kerala
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക മുഖപ്രസംഗം. പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് നേരിടുന്നതെന്നും മതത്തിൻ്റെ പേരിൽ ഇതര മതസ്ഥരായ പൗരന്മാരെ കാശ്മീരിൽ ആക്രമിച്ചവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്കു മുന്നിൽ പത്മാസനത്തിലിരിക്കുകായാണെന്നും മുഖപത്രം വിമർശിക്കുന്നു.
അറസ്റ്റിനെതെരെ പള്ളികളില്‍ ഇടയലേഖനവും വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നും ജാമ്യം ലഭിച്ചെങ്കിലും നിയമക്കുരുക്കിൽപ്പെട്ട കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു.
രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ ക്രൈസ്തവർ ആത്മപരിശോധന നടത്തിക്കഴിഞ്ഞെന്നും കന്യാസ്ത്രീകളെ പുറത്തിറക്കിയത് മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അറിയാമെന്നും അത് ആരും ക്രിസ്ത്യാനികളെ പറഞ്ഞു മനസിലാ ക്കേണ്ടതില്ലെന്നും ദീപിക മുഖ പ്രസംഗത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാന്‍ നാടു നിരങ്ങുന്ന ജ്യോതിശര്‍മമാരും അവരുടെ കേരളത്തിലുള്‍പ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
‘പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാർക്കും കൂടെയുള്ളവർക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശർമയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസുപോലുമില്ല. അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാർ 52 തടവുകാർക്കൊപ്പം ജയിലിന്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ് കാ വികാസ്.ഛത്തീസ്ഗഡ് സംഭവത്തിൻ്റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ല. വർഗീയവാദികളുടെ തോന്ന്യാസത്തിനും സമൂഹവിരുദ്ധപ്രവർത്തനങ്ങൾക്കും വഴങ്ങി റെയിൽവേ പോലീസ് എടുത്ത കേസ് ഇപ്പോൾ രാജ്യവിരുദ്ധ പ്രവർത്തനത്തിൻ്റെ നിഴലിലാക്കി എൻഐഎയുടെ കോടതിയിലായി.
ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഈ കേസ് റദ്ദാക്കുകയും നഗ്നമായ വർഗീയാതിക്രമം നടത്തിയവർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയുമാണു വേണ്ടത്. ജ്യോതി ശർമയുടേതു രാജ്യദ്രോഹമല്ലെങ്കിൽ രാജ്യദ്രോഹത്തിൻ്റെ അർഥമെന്താണെന്ന് അധികാരക്കസേരയിലുള്ളവർ പറഞ്ഞുതരണം.പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് നേരിടുന്നത്. മതത്തിന്റെ പേരിൽ ഇതര മതസ്ഥരായ പൗരന്മാരെ കാശ്മീരിൽ ആക്രമിച്ചവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്കു മുന്നിൽ പത്മാസനത്തിലിരിക്കുന്നു.
1999 ജനുവരിയിൽ ഒറീസയിലെ കുഷ്ഠരോഗികൾക്കുവേണ്ടി ആയുസത്രയും സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീപ്പിലിട്ടു ജീവനോടെ കത്തിച്ച ഭീകരപ്രസ്ഥാനമാണ് ബജ്രംഗ്ദൾ. അന്നുമുതൽ ഇന്നുവരെ എത്രയോ ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ ഇവർ നടത്തിക്കഴിഞ്ഞു. ഇവർക്കു കാവൽ നിൽക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം.ഏതായാലും രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ ക്രൈസ്തവർ ആത്മപരിശോധന നടത്തിക്കഴിഞ്ഞു. ആരാണ് കന്യാസ്ത്രീമാരെ പുറത്തിറക്കാൻ സഹായിച്ചത് എന്നതൊന്നും ആരും ക്രിസ്ത്യാനികളെ പറഞ്ഞു മനസിലാ ക്കേണ്ടതില്ല. പുറത്തിറക്കിയതു മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അവർക്കറിയാം. ഇതു തുടങ്ങിയിട്ട് എത്രനാളായെന്നുമറിയാം. ഇതൊക്കെ ഛത്തീസ്ഗഡിലല്ലേ, കേരളം മതേതരത്വത്തിൻ്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്കളങ്കരുണ്ടാകാം.പക്ഷേ, മറക്കരുത് വർഗീയതയും തീവ്രവാദവും മസിൽ പെരുപ്പിക്കുംമുമ്പ് മനസ് പെരുപ്പിക്കും. അതു കേരളത്തിലും നടന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇഴയുന്ന വിഷസാന്നിധ്യങ്ങളെ ശ്രദ്ധിച്ചാൽ മാത്രം മതി കാര്യമറിയാൻ. അധികാരത്തിന്റെയോ അധീശത്വത്തിൻ്റെയോ ഒരു പുതുമഴ മതി, അവ മാളം വിടാൻ. മതഭ്രാന്തുകൾ ആവർത്തിക്കുമ്പോഴൊക്കെ ഈ പ്രതിരോധം ആവർത്തിക്കണമെന്നില്ല.
കിട്ടിയ അവസരം മുതലെടുത്തവരുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും പറഞ്ഞ് ചിലരങ്ങ് പേടിപ്പിക്കാൻ നോക്കിക്കളഞ്ഞു. തങ്ങളെന്തോ ഒന്നാന്തരം പൗരന്മാരാണെന്ന് അവരെ ആരോ പറഞ്ഞു പറ്റിച്ചതാവാം. അല്ലെങ്കിൽ ഭരണഘടനയെന്നു കരുതി ഏതോ ചിന്താധാര വായിച്ചിട്ടുണ്ടാകും.ഛത്തീസ്ഗഡിലുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സവർണൻ്റെ ചവിട്ടടിയിലാണ് അവർണരുള്ളത്. പൊതുകിണറ്റിൽനിന്നു വെള്ളം കുടിക്കാനും പൊതുനിരത്തിൽ നടക്കാനും സവർണനെ പേരു വിളിക്കാനും അവകാശമില്ലാത്ത ആ മനുഷ്യർക്കാണ് മിഷണറിമാരെ കൂടുതൽ ആവശ്യമുള്ളത്. ഏതു കൊടികെട്ടിയ പോലീസുകാരനാണെങ്കിലും അതറിഞ്ഞിരിക്കണം. ഉന്നതസ്ഥാനത്തിരുന്ന തഴമ്പല്ല, ഉന്നതചിന്തയാണ് മനുഷ്യത്വത്തിന്റെ തൊപ്പി.
ജാമ്യം താത്കാലിക വിജയമാണ്. ഹിന്ദുത്വയുടെ ആൾക്കൂട്ടവിചാരണകളും ആൾക്കൂട്ടക്കൊലപാതകങ്ങളും ബു ൾഡോസർരാജും ദുരൂഹമായ ഉന്നത നിശബ്ദതകളുമൊക്കെ നിലനിൽക്കുകയാണ്. ഛത്തീസ്ഗഡിൽ കേരളം കോ ർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്.വർഗീയ കൂട്ടുകെട്ടുകൾക്കു മുകളിൽ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിൻ്റെ ഇന്ത്യൻ സ്റ്റോറി യാണ്. ഈ കെട്ടുറപ്പിനുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത്.’ ദീപിക മുഖ പ്രസംഗത്തിൽ പറയുന്നു
SUMMERY; Deepika, the mouthpiece of kerala catholic chuch in a scathing attack against union government following the arrest and release of two Malayali nuns in Chattisgarh and states the minorities in India suffer the same plight as of minorities in Pakistan in its editorial on August 3, Sunday a day after their release from 9 day prison
Kottayam,Kerala
August 03, 2025 11:17 AM IST