‘നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു’; രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതി| Supreme Court Raps Rahul Gandhi Over Chinese Occupation Claim | India
Last Updated:
2000 കിലോമീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഹർജി പരിഗണിക്കവേ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി ചോദിച്ചു
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതി. രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. 2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന അനധികൃതമായി കൈയേറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ‘കീഴടങ്ങലാ’ണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍… ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു’, രാഹുലിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ജസ്റ്റിസ് ദത്ത പറഞ്ഞു. ”നിങ്ങൾ അവിടെയുണ്ടായിരുന്നോ? നിങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുണ്ടോ?” കോടതി രാഹുൽ ഗാന്ധിയോട് ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി ചോദിച്ചു. എങ്കില്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ പറയാത്തതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പറയുന്നതെന്തിനാണെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു.
അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു. ലഖ്നൗവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്തുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി മേയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്രിമിനൽ പരാതിയിൽ പൊലീസ് രാഹുൽ ഗാന്ധിക്ക് മുൻകൂട്ടി വാദം കേൾക്കാൻ അനുവാദം നൽകാതെ കേസെടുത്തതുൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ പിഴവുകൾ സിംഗ്വി ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്.
New Delhi,New Delhi,Delhi
August 04, 2025 1:06 PM IST
‘നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു’; രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതി