Leading News Portal in Kerala

പ്രസവത്തിനിടെ യുവതിയുടെ മുഖത്തടിച്ചു, ജീവനക്കാര്‍ ‘മനുഷ്യത്വരഹിതമായി’ പെരുമാറി; മഹാരാഷ്ട്രയില്‍ നവജാത ശിശു മരിച്ചു | Pregnant woman slapped on face during childbirth in Maharashtra | India


Last Updated:

ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്കെതിരേ കേസ് എടുക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു

(പ്രതീകാത്മക ചിത്രം- AI generated)(പ്രതീകാത്മക ചിത്രം- AI generated)
(പ്രതീകാത്മക ചിത്രം- AI generated)

മഹാരാഷ്ട്രയില്‍ പ്രസവത്തിനിടെ ആശുപത്രി ജീവനക്കാര്‍ യുവതിയുടെ മുഖത്തടിച്ചതായി പരാതി. ജീവനക്കാര്‍ ഗര്‍ഭിണിയായ യുവതിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതി പ്രസവിച്ച് കുഞ്ഞ് ഉടന്‍ തന്നെ മരണപ്പെട്ടു. വാഷിം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്കെതിരേ കേസ് എടുക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

എന്താണ് സംഭവം?

ഓഗസ്റ്റ് രണ്ടിനാണ് സംഭവം നടന്നത്. ശിവാനി വൈഭവ് ഗവീനെ പ്രസവത്തിനായി വാഷിം ജില്ലയിലെ സ്ത്രീകളുടെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ടുകളില്‍ കുഴപ്പമില്ലെന്നും രാവിലെ പത്ത് മണിക്കുള്ളില്‍ പ്രസവിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രാത്രി മുഴുവന്‍ കഠിനമായ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആവര്‍ത്തിച്ച് വിളിച്ചിട്ടും നഴ്‌സുമാരും ഡോക്ടര്‍മാരും ആരും ശ്രദ്ധിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ആരും ശിവാനിയെ പരിശോധിച്ചില്ലെന്നും അവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

“വൈകുന്നേരം അഞ്ചുമണിയായപ്പോഴേക്കും ശിവാനിയുടെ ആരോഗ്യനില വഷളായി. ഈ സമയമാണ് ഡോക്ടറെത്തി അവരെ പരിശോധിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു,” കുടുംബം ആരോപിച്ചു.

പ്രസവസമയത്ത് ശിവാനിയെ ‘മനുഷ്യത്വരഹിതമായാണ്’ ചികിത്സിച്ചതെന്നും പരിഗണിച്ചതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. “ശിവാനിയുടെ കവിളില്‍ അടിച്ചു. വയറിനുമുകളില്‍ ബലംപ്രയോഗിച്ച് അമര്‍ത്തി. മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരാണ് ശിവാനിയെ പരിശോധിച്ചത്,” ബന്ധുക്കള്‍ ആരോപിച്ചു. 5.30 ആയപ്പോഴേക്കും ശിവാനിയുടെ പ്രസവം പൂര്‍ത്തിയായി. എന്നാല്‍ ജനന സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി മരിച്ചതായും അവര്‍ പറഞ്ഞു.

ആശുപത്രി ഭരണകൂടത്തിന്റെ അശ്രദ്ധയാണ് നവജാത ശിശു മരിക്കാന്‍ കാരണമെന്നും സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ അന്വേഷണവും കര്‍ശന നടപടിയും സ്വീകരിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

“ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അശ്രദ്ധ കാരണം കുഞ്ഞ് മരിച്ചു. ഞങ്ങളുടെ മരുമകള്‍ മണിക്കൂറുകളോളമാണ് വേദന സഹിച്ച് കിടന്നത്,” ശിവാനിയുടെ ഭര്‍തൃമാതാവായ ലതാ ഗവീന്‍ പറഞ്ഞു.

“രാവിലെ മുതല്‍ വൈകുന്നേരം വരെ ഞങ്ങള്‍ ആശുപത്രിയിലെ ജീവനക്കാരോട് അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആരും അത് കേട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം,” ശിവാനിയുടെ ഭര്‍തൃപിതാവ് ആവശ്യപ്പെട്ടു.

Summary: Pregnant woman in Maharashtra reportedly got slapped on face during childbirth, newborn dies

മലയാളം വാർത്തകൾ/ വാർത്ത/India/

പ്രസവത്തിനിടെ യുവതിയുടെ മുഖത്തടിച്ചു, ജീവനക്കാര്‍ ‘മനുഷ്യത്വരഹിതമായി’ പെരുമാറി; മഹാരാഷ്ട്രയില്‍ നവജാത ശിശു മരിച്ചു