Leading News Portal in Kerala

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ|3 officials suspended in case of husband ends life due to non-payment of salary to his wife who a teacher | Kerala


Last Updated:

അധ്യാപികയുടെ യു.പി.എസ്.ടി. തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26-ന് വിധി പുറപ്പെടുവിച്ചിരുന്നു

ഷിജോഷിജോ
ഷിജോ

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

പത്തനംതിട്ട നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.

പി.എ ആയ അനിൽകുമാർ എൻ.ജി., സൂപ്രണ്ട് ആയ ഫിറോസ് എസ്., സെക്ഷൻ ക്ലർക്ക് ആയ ബിനി ആർ. എന്നിവരെയാണ് അന്വേഷണ വിധേയമായി വേലവിലക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലുള്ള ഈ സ്‌കൂളിലെ അധ്യാപികയുടെ യു.പി.എസ്.ടി. തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26-ന് റിട്ട് ഹർജി നമ്പർ 20700/2019-ൽ വിധി പുറപ്പെടുവിച്ചു. ഈ വിധിപ്രകാരം, ശമ്പളവും ആനുകൂല്യങ്ങളും മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കോടതി നിർദേശം നൽകി. തുടർന്ന്, 2025 ജനുവരി 17-ന് സർക്കാർ കത്തിലൂടെ കോടതി വിധി പരിശോധിച്ച് ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി.

ALSO READ: അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ 47കാരൻ‌ ജീവനൊടുക്കി

എന്നാൽ, 2024 നവംബർ 26 ലെ കോടതി വിധി പ്രകാരം മൂന്ന് മാസത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ 2025 ജനുവരി 31-ന് പ്രധാനാധ്യാപികയ്ക്ക് നിർദേശം നൽകിയ ശേഷം ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനുള്ള മറ്റ് തുടർനടപടികളൊന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും സ്പാർക്ക് ഓതന്റിക്കേഷനുവേണ്ടി പ്രധാന അധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ താമസിപ്പിക്കുകയും ചെയ്തതിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ., സൂപ്രണ്ട്, സെക്ഷൻ ക്ലാർക്ക് എന്നിവർ ഗുരുതര വീഴ്ച വരുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തു.

ഈ സാഹചര്യത്തിൽ, 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ ഭാഗം IV ചട്ടം 10(1)(a) പ്രകാരം ഉദ്യോഗസ്ഥരെ ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്ത് ഡയറക്ടർ ഉത്തരവിറക്കി. കൂടാതെ, സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി വേലവിലക്കാൻ മാനേജ്‌മെന്റിന് നിർദേശം നൽകി.

മകന്റെ എഞ്ചിനീയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനാകാത്തതിൽ മനംനൊന്താണ് അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയത്. അത്തിക്കയം വടക്കേചരുവിൽ വി ടി ഷിജോ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ