ക്രൈസ്തവ പ്രതിഷേധങ്ങളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറി: ഷോൺ ജോർജ്| SDPI Jamaat-e-Islami infiltration in Christian community protests says shone george | Kerala
Last Updated:
‘ഛത്തീസ്ഗഡ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിലെ പ്രതിഷേധ പരിപാടികളിൽ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകൾ നുഴഞ്ഞുകയറിയിട്ടുണ്ട്’
തിരുവനന്തപുരം: ക്രൈസ്തവ സഭകൾ നടത്തുന്ന സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള സംഘടനകൾ നുഴഞ്ഞുകയറിയത് ആശങ്കാജനകമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വിശ്വാസി സമൂഹവും സഭാനേതൃത്വവും ഇക്കാര്യത്തിൽ ജാഗ്രത കാട്ടിയില്ലെങ്കിൽ അറവുകാരന്റെ കൂട്ടില്‍ കുഞ്ഞാടിനെ കെട്ടിയ അവസ്ഥയാകും. ക്രൈസ്തവ സഭകൾ ലോകം മുഴുവൻ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇസ്ലാമിക് സ്റ്റേറ്റ്, അല്ലെങ്കിൽ പൊളിറ്റിക്കൽ ഇസ്ലാം. പൊളിറ്റിക്കൽ ഇസ്ലാം ഛത്തീസ്ഗഢിലെ കന്യാസ്ത്രീ വിഷയത്തിലും സഭ നേതൃത്വമേൽക്കുന്ന പല സമരങ്ങളിലും നുഴഞ്ഞുകയറുന്നു.
ഛത്തീസ്ഗഡ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിലെ പ്രതിഷേധ പരിപാടികളിൽ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകൾ നുഴഞ്ഞുകയറിയിട്ടുണ്ട്. സഭാ നേതൃത്വം അറിയാതെ നടക്കുന്ന ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ അപകടകരമാണ്. കാത്തലിക് ബിഷപ് കൗൺസിൽ രാജീവ് ചന്ദ്രശേഖറിനോട് ഏഴ് കാര്യങ്ങളില്‍ ഇടപെടൽ ആവശ്യപ്പെട്ടെന്നും അതെല്ലാം അദ്ദേഹം പരിഹരിച്ചുവെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
ലോകത്തും കേരളത്തിലും ക്രൈസ്തവ സഭകൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വലിയ ആക്രമണങ്ങൾ നടത്തിയിട്ടുള്ള എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള സംഘടനകൾ, പൊളിറ്റിക്കൽ ഇസ്ലാം, സഭ നടത്തുന്ന സമരങ്ങൾക്ക് പിന്നിൽ വന്നിട്ടുണ്ട്. ഇതൊന്നും നല്ല ഉദ്ദേശത്തോടെയല്ല. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ താടിക്ക് തട്ടിയവരെ പേടിച്ച് അറവുകാരന്റെ കൂട്ടിൽ കുഞ്ഞാടിനെ കെട്ടുന്ന സാഹചര്യമുണ്ടാകും.
സഭ നടത്തിയ പ്രതിഷേധങ്ങളെ ബഹുമാനപൂർവ്വം തന്നെയാണ് ബിജെപി കാണുന്നത്. എന്നാൽ സഭാ പിതാക്കന്മാരോ സഭാ നേതൃത്വമോ അറിയാതെ നടക്കുന്ന ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ അപകടകരമാണ്. പാലാ ബിഷപ്പിനെതിരെ വാളെടുത്തവർക്കും പൂഞ്ഞാറിൽ വൈദികനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചവർക്കും വഖഫ് ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയവർക്കും പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹം, ബിജെപി വിരുദ്ധതയുടെ രാഷ്‌ട്രീയമാണ് എന്ന് സഭാ വിശ്വാസികൾ തിരിച്ചറിയണം.
നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി ഒരിക്കലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഛത്തീസ്ഗഢ് വിഷയത്തിൽ മനുഷ്യത്വപരമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. നിർബന്ധിത മതപരിവർത്തനത്തെ സഭ തന്നെ എതിർക്കുമ്പോൾ ബിജെപിക്ക് അതിൽ മറ്റൊരു നിലപാട് ഇല്ല. ഹമാസിനു വേണ്ടി കരയുന്ന കോൺഗ്രസ്, സിപിഎം നേതാക്കൾ ഛത്തീസ്ഗഢിൽ സംഭവങ്ങൾ നടക്കുമ്പോൾ അതേ ദിവസം തന്നെ കോംഗോയിലെ ക്രൈസ്തവ ദേവാലയത്തിനകത്ത് ഐഎസ് ഭീകരർ കൊലപ്പെടുത്തിയ 40 ക്രൈസ്തവ സഹോദരന്മാരെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ആട്ടിൻതോലിട്ട ചെന്നായ്ക്കളായ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ബിജെപി തുറന്നുകാട്ടി മുന്നോട്ടുപോകും. ഛത്തീസ്ഗഢിൽ കോൺഗ്രസ്, സിപിഎം നേതാക്കന്മാർ പെരുമാറിയത് തിരുവസ്ത്രം കൊത്തിപ്പറിക്കാൻ നിൽക്കുന്ന കഴുകന്മാരെ പോലെയാണെന്നും ഷോൺ ജോര്‍ജ് പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 05, 2025 8:35 AM IST