Leading News Portal in Kerala

‘കരയോഗമോ കമ്യൂണിസ്റ്റ് പാർട്ടിയോ?’CPI തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ‘നായർ’ അടക്കിവാഴുന്നുവെന്ന് കലാപം| Caste raw in CPI Thiruvananthapuram district committee | Kerala


Last Updated:

പാർട്ടിയുടെ അടിത്തറയായ അടിസ്ഥാന ജനവിഭാ​ഗങ്ങളെ നേതൃത്വത്തിൽ നിന്ന് അകറ്റി നിർത്തി നായർ സമുദായം പാർട്ടി അടക്കിവാഴുകയാണെന്ന ആരോപണമാണ് സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലുള്ളത്

പ്രചരിക്കുന്ന ലഘുലേഖപ്രചരിക്കുന്ന ലഘുലേഖ
പ്രചരിക്കുന്ന ലഘുലേഖ

വി വി അരുണ്‍

തിരുവനന്തപുരം: ജില്ലാ സമ്മേളനം അടുത്തിരിക്കെ സിപിഐ തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ജാതി വിവാദം കൊഴുക്കുന്നു. പാർട്ടിയിലും സർക്കാർ പദവികളിലും ഈഴവരേയും ദളിത് വിഭാ​ഗങ്ങളേയും അവ​​​ഗണിക്കുന്നെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലാണ് ആക്ഷേപം ഉന്നയിക്കുന്നത്. പരാതി പരിഹരിച്ചില്ലെങ്കിൽ സിപിഐ കരയോ​ഗം കമ്മിറ്റി ആയി മാറുമെന്നും പരിഹാസമുണ്ട്. ജില്ലാ -സംസ്ഥാന നേതൃത്വങ്ങൾക്കെതിരെയുള്ള അതൃപ്തി സമ്മേളനത്തിലും പ്രതിഫലിക്കും.

പാർട്ടിയുടെ അടിത്തറയായ അടിസ്ഥാന ജനവിഭാ​ഗങ്ങളെ നേതൃത്വത്തിൽ നിന്ന് അകറ്റി നിർത്തി നായർ സമുദായം പാർട്ടി അടക്കിവാഴുകയാണെന്ന ആരോപണമാണ് സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലുള്ളത്. 65 അം​ഗ ജില്ലാ കൗൺസിലിൽ 35 പേരും നായർ സമുദായത്തിൽ നിന്ന്. ഈഴവ സമുദായത്തിൽ നിന്നുള്ളത് 10ൽത്താഴെ പേർ മാത്രം.

ജില്ലാ എക്സിക്യൂട്ടീവിൽ 18ൽ 11 പേരും നായരാണ്. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അം​ഗങ്ങളിലും 11 പേർ നായർ സമുദായാംഗങ്ങൾ. സർക്കാർ പദവികളും നായർക്കായി സംവരണം ചെയ്തിട്ടുണ്ടോയെന്നും പരിഹാസമുണ്ട്. ജില്ലയിൽ നിന്നുള്ള മന്ത്രി, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, പിഎസ് സി അം​ഗം, കർഷക കടാശ്വാസ കമ്മീഷൻ, വനിതാ കമ്മീഷൻ, മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പാർട്ടി ജില്ലാ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും എല്ലാം നായർ സമുദായാം​ഗങ്ങൾ.

‌ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്ത സി ദിവാകരനേയും കോടിക്കണക്കിന് രൂപ വിലയുള്ള ഓഫീസും സ്ഥലവും പാർട്ടിക്ക് നൽകിയ കെ പി ശങ്കരദാസിനേയും വെട്ടി ഒതുക്കി മൂലയ്ക്കിരുത്തിയെന്നും പരാമർശമുണ്ട്. ഈഴവ സമുദായാം​ഗമായതു കൊണ്ടു മാത്രമാണ് യുവനേതാവ് ജെ അരുൺബാബുവിനേയും തഴഞ്ഞത്.

ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്തതും ത്യാ​ഗങ്ങൾ സഹിച്ചതും ഈഴവ സമുദായമാണ്. നായർ സമുദായത്തിന് ഇതിൽ എന്തു പങ്കാണുള്ളതെന്നും ചോദ്യമുണ്ട്. സിപിഐയുടെ സംസ്ഥാന നേതൃത്വത്തിനെതിരെയും ജില്ലാ നേതൃത്വത്തിന് വലിയ അമർഷമാണ് പാർട്ടിക്കുള്ളിൽ ഉള്ളത്. ജില്ലയിൽ മണ്ഡലം സമ്മേളനങ്ങളിൽ അത് പ്രകടവുമായിരുന്നു. ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരും .