Leading News Portal in Kerala

വരുമാന സർട്ടിഫിക്കറ്റിൽ ഒരു പൂജ്യം കൂടിപ്പോയി; വാർധ്യക്യപെൻഷൻ കിട്ടാതെ വയോധികൻ|A zero extra added to the income certificate denies old age pension to an elderly man | Kerala


Last Updated:

പിഴവ് സംഭവിച്ച വിവരം വില്ലേജ് ഓഫീസർ തന്നെ നഗരസഭയിലെ ഉദ്യോഗസ്ഥനെയും വിളിച്ച അറിയിച്ചിട്ടും നഗരസഭ അത് അംഗീകരിച്ചില്ല

News18News18
News18

വരുമാന സർട്ടിഫിക്കറ്റിൽ വില്ലേജ് ഓഫീസർ അധികമായി ഒരു പൂജ്യം ഇട്ടത് കാരണം 74കാരന് പെൻഷൻ ലഭിക്കുന്നില്ല. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിനു സമീപം തേളപ്രത്ത് പത്മനാഭന് ആണ് 20 മാസമായി പെൻഷൻ ലഭിക്കാത്തത്. വരുമാന സർട്ടിഫിക്കറ്റിൽ 22000 രൂപയ്ക്ക് പകരം വില്ലേജ് ഓഫീസർ ഒരു പൂജ്യം കൂട്ടി 220,000 രൂപ എന്ന് എഴുതിയതാണ് പ്രശ്നമായത്.

2022 ലാണ് പത്മനാഭന് പെൻഷൻ ലഭിച്ചു തുടങ്ങിയത്. മാസം 1600 രൂപ ഒരു വർഷത്തിനുശേഷം പിന്നീട് ലഭിക്കാതായി. നഗരസഭയിൽ അന്വേഷിച്ചപ്പോൾ വരുമാന സർട്ടിഫിക്കറ്റ് പുതുക്കി നൽകാനാണ് ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസിൽ നിന്നും 220,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്ന് പത്മനാഭനും ശ്രദ്ധിച്ചില്ല.

സർട്ടിഫിക്കറ്റ് നൽകിയിട്ടും പെൻഷൻ കിട്ടാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പൂജ്യം വിനയായത് അറിയുന്നത്. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്ന് 22,000 രൂപയുടെ പുതിയ വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ചു. പിഴവ് സംഭവിച്ച വിവരം വില്ലേജ് ഓഫീസർ തന്നെ നഗരസഭയിലെ ഉദ്യോഗസ്ഥനെയും വിളിച്ച അറിയിച്ചു. എന്നാൽ നഗരസഭ അത് അംഗീകരിച്ചില്ല. പുതിയ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. മൂന്നുമാസം മുമ്പ് 19500 രൂപയുടെ വരുമാനം സർട്ടിഫിക്കറ്റ് വച്ച് അപേക്ഷ നൽകി.

എന്നാൽ അതും ഇതുവരെ അംഗീകരിച്ചിട്ടില്ല. 10 വർഷം മുമ്പാണ് പത്മനാഭന്റെ ഭാര്യ മരിച്ചത്. ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന സ്ഥലത്തെ വീടും മഴയിൽ തകർന്നു. ഇതോടെ തനിച്ചായപ്പോൾ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി.പെൻഷൻ കിട്ടിയാൽ മരുന്നെങ്കിലും വാങ്ങാമായിരുന്നു എന്നാണ് പത്മനാഭൻ പറയുന്നത്.