അത് യാത്രയയപ്പായിരുന്നില്ല; കാല്‍വെട്ട് കേസിലെ പ്രതികൾ നന്മയ്ക്ക് വേണ്ടി മാന്യമായി ജീവിതം നയിക്കുന്നവരെന്ന് കെ കെ ശൈലജ|Cpm leader Kk shailaja says the culprits in leg chopping case live a decent life | Kerala
Last Updated:
താൻ അവിടെ ഉണ്ടായത് നാട്ടുകാരി എന്ന നിലയിൽ ആണെന്നും കെ കെ ശൈലജ പറഞ്ഞു
കണ്ണൂര്‍: സിപിഎം ഓഫീസില്‍ നടന്നത് സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികളുടെ യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല എന്നും നാട്ടുകാരി എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലുമാണ് താന്‍ പാർട്ടി ഓഫീസിൽ പോയതെന്നും മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എ.
പ്രതികൾക്ക് സിപിഎം ഓഫീസില്‍ നല്‍കിയ യാത്രയയപ്പ് ചര്‍ച്ചയായതിനെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു അവർ. മൂന്ന് പതിറ്റാണ്ട് മുമ്പ് സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് യാത്രയയപ്പ് നല്‍കിയത്. മട്ടന്നൂർ എം എൽ എ ആയ കെ കെ ശൈലജ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സുപ്രീം കോടതിയില്‍ അനുകൂല വിധി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. സിപിഎമ്മുകാരായ എട്ട് പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് പ്രതികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. 30 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ കീഴടങ്ങുന്നത്.
താൻ കോടതി വിധി മാനിക്കുന്നു എന്നു പറഞ്ഞ അവർ കുറ്റം ചെയ്തതായി കരുതുന്നില്ല എന്നും നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാന്യമായി ജീവിതം നയിക്കുന്നവരാണ് അവർ എല്ലാവരും എന്നും താൻ കരുതുന്നതായും കൂട്ടിച്ചേർത്തു.
കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ’
“ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന മാന്യമായി ജീവിതം നയിക്കുന്ന വ്യക്തികളാണ് അവർ. അത് നമുക്ക് കാണാതിരിക്കാൻ കഴിയില്ല. അങ്ങനെ ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്തിട്ടുള്ള ആളുകളല്ല അവര്. പക്ഷേ കോടതിയിൽ വന്ന സാഹചര്യ തെളിവുകളും മറ്റു രീതിയിലുള്ള മൊഴികളും എല്ലാം അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. ആ ശിക്ഷയെ ഞങ്ങളെല്ലാം മാനിച്ചിട്ടുണ്ട്. അതൊരു ചടങ്ങ് ആയിരുന്നില്ല. ചടങ്ങേ ആയിരുന്നില്ല.
അവര് ജയിലിലേക്ക് പോകുന്ന സമയത്ത് അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും എല്ലാം സ്വാഭാവികമായിട്ടും അവർക്ക് അതില് വിഷമമുണ്ടല്ലോ. ആ പോകുന്ന സമയത്ത് നാട്ടുകാരെല്ലാം അവിടെയുണ്ടായിരുന്നു. ആ കൂട്ടത്തിൽ നാട്ടുകാരി എന്ന നിലയിൽ ഞാനും അവിടെ ഉണ്ടായിരുന്നു.
നിങ്ങൾ കാണേണ്ടത് അവർ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ്. ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകയാണ്. ജനപ്രതിനിധി എന്ന നിലയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാൻ അല്ല അവിടെ പോയിട്ടുള്ളത്. നാട്ടിൽ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്നവരാണ്… നടത്തിയിട്ടുള്ളവരാണ്.” കെ കെ ശൈലജ പറഞ്ഞു.
പ്രതികള്‍ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുന്‍പിലും പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
കെ കെ ശൈലജ കുറ്റവാളികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു സി സദാനന്ദന്റെ പ്രതികരണം. ‘ഇത് മോശം സന്ദേശമാണ് നല്‍കുന്നത്. കുറ്റവാളികളെ തിരുത്തുന്നതിന് പകരം കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരണയാകുന്നതാണ് യാത്രയയപ്പ്. തനിക്ക് നീതി കിട്ടിയെങ്കിലും വൈകി’ സദാനന്ദന്‍ പറഞ്ഞു.
Thiruvananthapuram,Kerala
August 05, 2025 6:50 PM IST
അത് യാത്രയയപ്പായിരുന്നില്ല; കാല്‍വെട്ട് കേസിലെ പ്രതികൾ നന്മയ്ക്ക് വേണ്ടി മാന്യമായി ജീവിതം നയിക്കുന്നവരെന്ന് കെ കെ ശൈലജ