Leading News Portal in Kerala

ഡ്രിപ്പിടാനായി കുത്തിയ സൂചി മാറ്റിയത് അറ്റൻഡർ; പനി ബാധിച്ചെത്തിയ വയോധികയുടെ കൈമുറിഞ്ഞു|elderly woman’s hand injured while attender removed iv cannula | Kerala


Last Updated:

അറ്റൻഡർ സൂചി ഇളകാതിരിക്കാൻ ഒട്ടിച്ചിരുന്ന ടേപ്പ് ശക്തമായി പിടിച്ചു വലിക്കുകയും ഇളകാതെ വന്നതോടെ കത്രിക ഉപയോഗിച്ചു മുറിക്കുകയുമായിരിന്നു

News18News18
News18

പാലക്കാട്: പനി ബാധിച്ചെത്തിയ വയോധികയുടെ കൈയിൽ ഡ്രിപ്പിടാനായി കുത്തിയ സൂചി മാറ്റിയത് അറ്റൻഡറാണെന്ന് പരാതി. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. സൂചി മാറ്റുന്നതിനിടെ രോഗിയുടെ കൈയിൽ സാരമായി പരിക്കേറ്റു. മുറിവു പറ്റി ചോര ഒഴുകിയതോടെ ഡോക്ടർ ഇടപെട്ടു 2 സ്റ്റിച്ചിട്ടു രോഗിയെ പറഞ്ഞയച്ചു. കിഴക്കഞ്ചേരി നായർകുന്ന് സ്വദേശി കല്യാണി (75) ആണ് പരിക്കേറ്റത്.

ജൂലൈ 19-നാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കടുത്ത പനിയുമായി എത്തിയ വയോധികയെ ഡ്രിപ്പിട്ടിരിന്നു. ഡ്രിപ് തീർന്ന ശേഷം സൂചി അഴിച്ചുമാറ്റാൻകൂട്ടിരിപ്പുകാരൻ നഴ്സിന്റെ സഹായം തേടി. എന്നാൽ നഴ്സ് എത്തുന്നതിനുമുമ്പ് ശുചീകരണ വിഭാഗത്തിലെ ജീവനക്കാരനെത്തി രോഗിയുടെ സമ്മതമില്ലാതെ സൂചി മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. ഇയാൾ സൂചി ഇളകാതിരിക്കാൻ ഒട്ടിച്ചിരുന്ന ടേപ്പ് ശക്തമായി പിടിച്ചു വലിക്കുകയും ഇളകാതെ വന്നതോടെ കത്രിക ഉപയോഗിച്ചു മുറിക്കുകയുമായിരിന്നു. ഇതിനിടെ രോഗിയുടെ കൈ മുറിഞ്ഞ് ചോര ഒഴുകാൻ തുടങ്ങി.

കൈമുറിഞ്ഞത് ചോദ്യം ചെയ്ത കുടുംബാംഗങ്ങളോട് അറ്റൻഡർ തട്ടിക്കയറിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ, ജില്ലാ മെഡിക്കൽ ഓഫീസർ, കളക്ടർ എന്നിവർക്ക് അടക്കം പരാതിനൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തിയെന്നും ശുചീകരണ ജീവനക്കാരനാണു സൂചി മാറ്റിയതെന്ന് തെളിഞ്ഞെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി.ആർ. ജയന്ത് പറഞ്ഞു. ഡിഎംഒ ആവശ്യപ്പെടുന്ന മുറയ്ക്കു റിപ്പോർട്ട് നൽകുമെന്നും സൂപ്രണ്ട് അറിയിച്ചു.