Leading News Portal in Kerala

കന്യാസ്ത്രീകളുടെ അറസ്റ്റിലെ തങ്ങളുടെ ഇടപെടലുകൾ എണ്ണിയെണ്ണിപ്പറഞ്ഞ ഷോൺ ജോർജിനെ അഭിനന്ദിക്കുന്നുവെന്ന് എസ് ഡി പി ഐ|dpi congratulates bjp leader shon George for highlighting their participation in protests after nun arrest | Kerala


Last Updated:

സ്ഥാനമാനങ്ങള്‍ക്കും ബിജെപി നല്‍കിയ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും സ്വന്തം സമുദായത്തെ തള്ളിപ്പറയേണ്ടി വരുന്ന ഷോണിന്റെ തത്രപ്പാട് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി

News18News18
News18

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ അറസ്റ്റിലായ ശേഷം എസ് ഡി പി ഐ നടത്തിയ സമരങ്ങളും ഇടപെടലുകളും എണ്ണിയെണ്ണി പറഞ്ഞ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജിനെ അഭിനന്ദിക്കുന്നുവെന്ന് എസ് ഡി പി ഐ. തങ്ങൾ നടത്തിയ സമരങ്ങളും ഇടപെടലുകളും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെച്ചുവെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ആരോപിച്ചു.

യൂദാസുമാര്‍ വേദം പഠിപ്പിക്കുന്നതിനു സമാനമാണ് ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനകളെന്നും ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം കാപട്യമാണെന്ന് ഓരോ ദിവസവും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞു. ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭീതിയിലാണ് കഴിയുന്നത് എന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് എസ് ഡി പി ഐ നടത്തിയ ജനാധിപത്യ സമരങ്ങളെ നുഴഞ്ഞുകയറ്റമായി ചിത്രീകരിക്കുന്നത്.

ബിജെപിയുടെ ക്രൈസ്തവ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ക്കും സന്യാസിനികളുടെ അന്യായ അറസ്റ്റിനുമെതിരേ സഭ നടത്തിയ സമരങ്ങളില്‍ എസ് ഡി പി ഐ നുഴഞ്ഞുകയറി എന്ന് പറയുന്നതിലൂടെ സഭകള്‍ നടത്തിയ സമരങ്ങളെ അവഹേളിക്കുകയാണ് എന്നും എസ് ഡി പി ഐയുടെ സഹായമില്ലാതെ കേരളത്തിലെ സഭകള്‍ക്ക് സമരം ചെയ്യാന്‍ കഴിയില്ല എന്ന സന്ദേശമാണ് ബിജെപി ഇതിലൂടെ നല്‍കുന്നത് എന്നും റോയ് അറക്കൽ ആരോപിച്ചു.

ഫാഷിസത്തിനെതിരായ ആദ്യ സമരമല്ല എസ് ഡി പി ഐയുടേത് എന്ന് അവർ അവകാശപ്പെട്ടു. മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനെതിരേ ആക്രമണങ്ങള്‍ നടത്തിയപ്പോഴും വിവിധ ഘട്ടങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ പുരോഹിതരെ തടവിലിട്ടപ്പോഴും ഇന്ത്യയില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെയും അസമിലെ കുടിയൊഴിപ്പിക്കല്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അടക്കം എക്കാലത്തും ബിജെപി ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ എസ്ഡിപിഐ തെരുവില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമാനങ്ങള്‍ക്കും ബിജെപി നല്‍കിയ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും സ്വന്തം സമുദായത്തെ തള്ളിപ്പറയേണ്ടി വരുന്ന ഷോണിന്റെ തത്രപ്പാട് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അസത്യം പ്രചരിപ്പിച്ച് എത്ര നാള്‍ മുന്നോട്ടുപോകാന്‍ കഴിയും എന്ന് ഇത്തരക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്യായമായി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് എസ്ഡിപിഐ ആണെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയണം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ഒന്‍പതു ദിവസം കാരാഗൃഹത്തിലിട്ടവര്‍ ജാമ്യം കിട്ടിയതിനെ ആഘോഷിക്കുന്നത് പരിഹാസ്യവും അല്‍പ്പത്തരവുമാണെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കന്യാസ്ത്രീകളുടെ അറസ്റ്റിലെ തങ്ങളുടെ ഇടപെടലുകൾ എണ്ണിയെണ്ണിപ്പറഞ്ഞ ഷോൺ ജോർജിനെ അഭിനന്ദിക്കുന്നുവെന്ന് എസ് ഡി പി ഐ