Leading News Portal in Kerala

റഷ്യന്‍ എണ്ണയെ ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനിടെ അജിത് ഡോവല്‍ മോസ്‌കോയില്‍|Ajit Doval in Moscow as India-US relations sour over Russian oil | India


Last Updated:

റഷ്യയിലെ മുതിര്‍ന്ന സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായി ഡോവല്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്

News18News18
News18

റഷ്യന്‍ എണ്ണയെ ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നതതല സന്ദര്‍ശനത്തിനായാണ് ഡോവല്‍ മോസ്‌കോയിലെത്തിയത്. റഷ്യയില്‍ നിന്ന് എണ്ണയും പ്രതിരോധ ഉപകരണങ്ങളും തുടര്‍ച്ചയായി വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഡോവലിന്റെ റഷ്യന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

ഡോവലിന്റെ സന്ദര്‍ശനം മുന്‍കൂട്ടി തീരുമാനിച്ചിരുന്നതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടുകളെച്ചൊല്ലിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ ഈ സന്ദര്‍ശത്തിന് പുതിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

റഷ്യയിലെ മുതിര്‍ന്ന സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായി ഡോവല്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യക്കെതിരേ ട്രംപിന്റെ താരിഫ് ഭീഷണികള്‍

റഷ്യന്‍ അസംസ്‌കൃത എണ്ണ വില്‍പ്പനയില്‍ നിന്ന് ഇന്ത്യ ലാഭം നേടുന്നു എന്നാരോപിച്ച് ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡോവല്‍ മോസ്‌കോയിലെത്തിയത്. റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ ശേഷം ലാഭത്തിനായി ഇന്ത്യ അത് തുറന്ന വിപണിയില്‍ വീണ്ടും വില്‍ക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ തീരുവ കുത്തനെ ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യന്‍ യുദ്ധത്തില്‍ യുക്രൈനില്‍ എത്ര പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നത് സംബന്ധിച്ച് ഇന്ത്യക്ക് പ്രശ്‌നമില്ലെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ യുഎസ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ ”രാഷ്ട്രീയ പ്രേരിതവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന്” പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അവ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതി ദേശീയ ആവശ്യങ്ങളും വിപണി സ്ഥിരതയും അനുസരിച്ചാണെന്ന് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു പറഞ്ഞു. കൂടാതെ യുഎസ് ഉള്‍പ്പെടെയുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുമായി വളരെ ആഴത്തിലുള്ള വ്യാപാര ബന്ധം നിലനിര്‍ത്തുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ഓഗസ്റ്റില്‍ റഷ്യ സന്ദര്‍ശിക്കുമെന്ന് ഇക്കണോമിക്‌സ് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.