മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിരക്ഷ| enhanced Medisep benefits for government employees and pensioners | Kerala
Last Updated:
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോർപറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (Medisep) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായി ഉയര്‍ത്തും. 41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.
മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കുറ്റാസ്‌ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജില്‍ ഉള്‍പ്പെടുത്തും. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോർപറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.
പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമാക്കി. രണ്ടാംവര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ധനവുണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം.
രണ്ടാംഘട്ടത്തിലെ മാറ്റങ്ങൾ
- നോണ്‍ എംപാനല്‍ഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകള്‍ക്ക് റീ-ഇംപേഴ്‌സ്‌മെന്റ് അനുവദിക്കുന്ന വ്യവസ്ഥയില്‍ നിലവിലുള്ള മൂന്ന് ചികിത്സകള്‍ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തും.
- തുടര്‍ച്ചയായി ചികിത്സതേടേണ്ട ഡേ കെയര്‍ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ അനുവദിക്കും.
- ഒരേസമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ ക്ലബ് ചെയ്ത് അംഗീകാരം നല്‍കും.
- പ്രീ ഹോസ്പിറ്റലൈസേഷന്‍, പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ യഥാക്രമം 3, 5 ദിവസങ്ങള്‍ എന്നിങ്ങനെ ലഭ്യമാക്കും.
- ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.
- ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മെഡിസെപ് കാര്‍ഡില്‍ QR code സംവിധാനം ഉള്‍പ്പെടുത്തും.
- കരാറില്‍ നിന്നും വ്യതിചലിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ഇന്‍ഷുറന്‍സ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബില്‍ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
ഒന്നാം ഘട്ടത്തില്‍ ഇതുവരെ
- 1,052,121 ക്ലയിമുകള്‍ക്ക് 1911.22 കോടി
- 2256 അവയവമാറ്റ ചികിത്സ ക്ലയിമുകള്‍ക്ക് – 67.56 കോടി
- 1647 റിഇംപേഴ്‌സ്‌മെന്റ്‌റ് ക്ലയിമുകള്‍ക്ക് – 9.61 കോടി
- കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉള്‍പ്പെടെ )-1950.00 കോടി
- ജി എസ് ടി ഒഴികെയുള്ള യഥാർത്ഥ പ്രിമിയം -1599.09 കോടി
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 06, 2025 4:25 PM IST
മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിരക്ഷ