മനപ്പൂർവം അല്ലെങ്കിൽ സൂര്യാസ്തമയ ശേഷം ദേശീയ പതാക താഴ്ത്താൻ മറന്നാൽ കുറ്റകരമല്ല; ഹൈക്കോടതി|If not deliberate It is not an offence not lowering national flag after sunset says high court | Kerala
Last Updated:
സൂര്യാസ്തമയത്തിന് ശേഷവും പതാക താഴ്ത്താത്തത് മനഃപൂർവമല്ലെങ്കിൽ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിന്റെ പരിധിയില്‍ വരില്ലെന്ന് ഉത്തരവിൽ പറയുന്നു
കൊച്ചി: സൂര്യാസ്തമയത്തിന് ശേഷം ദേശീയപതാക താഴ്ത്താതിരിക്കുന്നത് കരുതിക്കൂട്ടിയുള്ള പ്രവൃത്തിയല്ലെങ്കിൽ കുറ്റകരമല്ലെന്ന് ഹൈക്കോടതി. 2015 ലെ സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തിയ പതാക സൂര്യാസ്തമയത്തിന് ശേഷവും താഴ്ത്താൻ വിട്ടുപോയതിന്റെ പേരിൽ അങ്കമാലി മുന്‍സിപ്പാലിറ്റി സെക്രട്ടറിയായിരുന്ന വിനു സി കുഞ്ഞപ്പനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
സൂര്യാസ്തമയത്തിന് ശേഷവും പതാക താഴ്ത്താത്തത് മനഃപൂർവമല്ലെങ്കിൽ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിൽ പറയുന്നു. ദേശീയപതാകയെ അപമാനിക്കാനോ ബഹുമാനമില്ലാതെ പെരുമാറാനോ ഉദ്ദേശിച്ചാൽ മാത്രമേ കുറ്റം നിലനിൽക്കൂ. ഈ സംഭവത്തില്‍ ആരോപണവിധേയന് അങ്ങനെയൊരു ലക്ഷ്യമില്ലായിരുന്നുവെന്ന് കോടതി വിധിയിൽ പറയുന്നു.
2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തിയ പതാക രണ്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് 17 ഉച്ചയ്ക്കാണ് താഴ്ത്തിയത്. തുടർന്ന് ദേശിയ പതാകയോട് അനാദരം കാണിച്ചുവെന്ന് ആരോപിച്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം, കേസിൽ ഹർജിക്കാരന്റേത് കരുതിക്കൂട്ടിയുള്ള പ്രവൃത്തിയായി കണക്കാക്കാനുള്ള വസ്‌തുതകളില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അതേസമയം. ദേശീയപതാക എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നത് 2022 ലെ ഫ്ലാഗ് കോഡ് വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇത് കേന്ദ്രസർക്കാരിന്റെ എക്സിക്യൂട്ടീവ് നിർദേശങ്ങളാണെന്നും നിയമമല്ലെന്നും പൗരൻമാർ നിർബന്ധമായും പിന്തുടരേണ്ട പെരുമാറ്റ ചട്ടമാണെന്നും കോടതി വിധി പറയുന്ന വേളയിൽ ചൂണ്ടിക്കാട്ടി.
Kochi [Cochin],Ernakulam,Kerala
August 06, 2025 10:38 AM IST