‘ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെക്കുന്നത് ശിക്ഷാർഹമല്ല’ നിയമ വിദ്യാർഥിയുടെ കേസ് കേരളാ ഹൈക്കോടതി റദ്ദാക്കി|act of placing a cooling glass on a Gandhi statue is not a punishable offence says Kerala High court | Kerala
Last Updated:
വിദ്യാർഥിക്കെതിരെ ചുമത്തിയിരുന്ന കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്
കൊച്ചി: കോളേജ് ക്യാമ്പസിലെ ക്രിസ്‌മസ് ആഘോഷത്തിനിടെ ഗാന്ധി പ്രതിമയുടെ മുഖത്തു കൂളിങ് ഗ്ലാസ് വച്ച വിദ്യാർഥിയുടെ നടപടി അധാർമികമാണെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971-ലെ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ശിക്ഷിക്കാൻ വകുപ്പില്ലാത്തതിനാൽ ഗാന്ധി പ്രതിമയെ അവഹേളിച്ചെന്ന പരാതിയിൽ നിയമ വിദ്യാർഥിക്ക് എതിരെയുള്ള കേസും തുടർനടപടികളും ജസ്റ്റിസ് വി.ജി. അരുൺ റദ്ദാക്കി. വിദ്യാർഥിക്കെതിരെ ചുമത്തിയിരുന്ന കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.
2023 ഡിസംബർ 21 നാണു കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. ചൂണ്ടി ഭാരത മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് വിദ്യാർഥി ഗാന്ധി പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസും കഴുത്തിൽ ക്രിസ്മസ് റീത്തും അണിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും വിഷയത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു.
അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവുമൊക്കെ മൗലികമായ ചില ചുമതലകളാൽ നിയന്ത്രിതമാണെന്ന് വിദ്യാർഥി ഓർക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കരുതിക്കൂട്ടി ചെയ്തതല്ലെന്നും ആവേശത്തിൽ ചെയ്തുപോയതാണെന്നുമായിരുന്നു വിദ്യാർഥിയുടെ വാദം. തെറ്റു മനസ്സിലായതോടെ കൂളിങ് ഗ്ലാസും കഴുത്തിൽ അണിയിച്ച പുഷ്പചക്രവും നീക്കിയെന്നും വിദ്യാർഥി വിശദീകരിച്ചു.
Kochi [Cochin],Ernakulam,Kerala
August 06, 2025 9:39 AM IST
‘ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെക്കുന്നത് ശിക്ഷാർഹമല്ല’ നിയമ വിദ്യാർഥിയുടെ കേസ് കേരളാ ഹൈക്കോടതി റദ്ദാക്കി