ശ്വേതാ മേനോനെതിരായ കേസിലെ തുടർനടപടികൾ തടഞ്ഞു; സിജെഎമ്മിനെതിരെ ഹൈക്കോടതി| High Court stays further proceedings in case against Shwetha Menon | Kerala
Last Updated:
കേസ് എടുക്കാൻ അവലംബിച്ച നടപടികൾ സംബന്ധിച്ചു എറണാകുളം സിജെഎം കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജുഡീഷ്യൽ മര്യാദ കണക്കിലെടുത്ത് സി ജെ എമ്മിനെതിരെ കൂടുതൽ പരാമർശങ്ങൾക്കു മുതിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി: നടി ശ്വേതാ മേനോനിനെതിരായ കേസിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. കേസ് എടുത്തതിൽ സിജെഎം കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന ശ്വേതാ മേനോൻ്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.
കേസ് എടുക്കാൻ അവലംബിച്ച നടപടികൾ സംബന്ധിച്ചു എറണാകുളം സിജെഎം കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജുഡീഷ്യൽ മര്യാദ കണക്കിലെടുത്ത് സി ജെ എമ്മിനെതിരെ കൂടുതൽ പരാമർശങ്ങൾക്കു മുതിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്വ. എം രവികൃഷ്ണൻ, ഉണ്ണി കാപ്പൻ എന്നിവർ മുഖേനയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്.
അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് ഇന്നലെ എറണാകുളം സിജെഎം കോടതി ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചത്.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരിൽ പോലീസ് കേസെടുത്തത്.
Kochi [Cochin],Ernakulam,Kerala
August 07, 2025 3:05 PM IST