‘തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് യൂണിയനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് 2.75 ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ’: ബിജെപി| bjp alleges nearly three lakh double votes added to sabotage local elections by ldf | Kerala
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമാകുമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച ബോധ്യമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെയും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെയും വളരെ വലിയ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു. ആ ഭരണവിരുദ്ധ വികാരം കൊണ്ടാണ് വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം നേരിടേണ്ടി വരുമെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നത്. ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തുന്നത്.
വാർഡ് വിഭജനം മുതൽ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതുകൊണ്ട് മാത്രം ഒന്നും ആകില്ല എന്ന ബോധ്യം വന്നതുകൊണ്ടാണ് വോട്ടർ പട്ടികയിലും കൃത്രിമം കാണിക്കുന്നത്. സിസ്റ്റമാറ്റിക് ആയിട്ടുള്ള കൃത്രിമങ്ങളാണ് വോട്ടർ പട്ടികയിൽ കാണുന്നത്. ഇടതുപക്ഷ യൂണിയനിൽപെട്ട സർക്കാർ ജീവനക്കാരെ ഉപയോഗിച്ചാണ് അട്ടിമറി നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുണ്ട്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന രീതിയിലാണ് ഈ സംഖ്യ. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകൾ ബിജെപി ശേഖരിച്ചിട്ടുണ്ട്, അത് പരിശോധിക്കുകയും ചെയ്തു. തിരുവനന്തപുരം കോർപറേഷൻ വലിയ ഉദാഹരണമാണ്.
മൂന്നു തരത്തിലാണ് തിരഞ്ഞെടുപ്പിന് അട്ടിമറിക്കാൻ ശ്രമിക്കുന്നത്:
1. ഒരേ തിരിച്ചറിയൽ കാർഡിൽ ഒന്നിലധികം വോട്ടുകൾ/വോട്ടർമാർ
2. ഒരേ വ്യക്തിക്ക് തന്നെ ഒരേ ഐഡി കാർഡ് നമ്പറിൽ പലസ്ഥലങ്ങളിൽ വോട്ട്
3. ഒരു അഡ്രസ്സ്, ഒരേ വ്യക്തി, ഒരേ ഗാർഡിയൻ – എന്നാൽ വ്യത്യസ്ത ഐഡി കാർഡ് നമ്പറുകൾ
ഇതിനുള്ള മൂന്ന് വിഭാഗങ്ങൾക്കും ഉദാഹരണം ബിജെപിയുടെ കൈവശമുണ്ട്. ഫൈനൽ ഡിലിമിറ്റേഷൻ ഭാഗമായി കണക്കുകളിലും കരട് വോട്ടർ പട്ടികയിലെയും കണക്കുകൾ തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ട്. അതിന്റെ കണക്കുകളും തെളിവും ബിജെപിയുടെ കൈവശമുണ്ട്.
2,76,799 ആളുകൾക്കാണ് കേരളത്തിൽ ഇരട്ട വോട്ട് ഉള്ളത്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം 7216 പേർക്ക് ഇത്തരത്തിൽ ഇരട്ട വോട്ടുണ്ടെന്ന് ബിജെപി കണ്ടെത്തി. മുകളിൽ പറഞ്ഞ 3 വിഭാഗങ്ങളിൽ ആയി ലക്ഷക്കണക്കിന് ആളുകളെയാണ് ഇടതുപക്ഷ മുന്നണി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിലെ 76-ാം നമ്പർ വാർഡ് ബീമാപള്ളി അട്ടിമറി ശ്രമങ്ങളുടെ ഒരു ഉദാഹരണമാണ്. ഫൈനൽ ഡിലിമിറ്റേഷൻ സമയത്ത് ജനസംഖ്യ 9875 ആയിരുന്നു. വോട്ടർ പട്ടികയുടെ കരട് പുറത്ത് വന്നപ്പോൾ അത് പതിനാറായിരത്തിൽ കൂടുതലാണ്. ഇത് അട്ടിമറിയില്ലാതെ വേറെ എന്താണ്? ഇത് മറ്റാരും തിരിച്ചറിയില്ലെന്നാണ് ഇടതുപക്ഷം കരുതുന്നത് എങ്കിൽ അത് തെറ്റാണ്. അതിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി കൃത്യമായി പഠിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി വിഷയത്തിൽ ഇടപെടണം. അടിയന്തരമായി നടപടി സ്വീകരിച്ച് ലക്ഷക്കണക്കിന് വരുന്ന ഇരട്ട വോട്ടുകൾ കണ്ടെത്തി ഒഴിവാക്കണം. ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം ബിജെപി ആവശ്യപ്പെടുന്നു. അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം.
തിരുവനന്തപുരം കോർപറേഷൻ അടക്കം മറ്റു പലയിടങ്ങളിലും ബിജെപി പരാതി നൽകിയിട്ടുണ്ട്. പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരസഭയിലെ പല വാർഡുകളിലും അന്തിമ ഡിലിമിറ്റേഷൻ സമയത്തുണ്ടായതിനേക്കാൾ വളരെയധികം കൂടുതലാണ് വോട്ടർ പട്ടികയിലെ കണക്ക്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, ഗുരുതര വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 07, 2025 2:16 PM IST
‘തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് യൂണിയനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് 2.75 ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ’: ബിജെപി