Leading News Portal in Kerala

അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ 47കാരൻ‌ ജീവനൊടുക്കി| man ends life due to financial difficulties preventing his sons engineering admission in ranni pathanamthitta | Kerala


Last Updated:

ഷിജോയുടെ മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളജിൽ പ്രവേശനം കിട്ടിയിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെയാണ് ഷിജോ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു

ഷിജോഷിജോ
ഷിജോ

പത്തനംതിട്ട: മകന്റെ എഞ്ചിനീയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനാകാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി ടി ഷിജോ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ. ഷിജോയുടെ മകന് ഈറോഡിലെ എഞ്ചിനീയറിങ് കോളജിൽ പ്രവേശനം കിട്ടിയിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെയാണ് ഷിജോ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.

ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ 12 വർഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിൽ അധ്യാപികയായിരുന്നു. എന്നാൽ, ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇവർ വകുപ്പുമന്ത്രിയെ പലതവണ സമീപിച്ചു. തുടർന്ന് ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫീസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനു തയാറായില്ല.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Kerala/

അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിന് പണമില്ലാതെ 47കാരൻ‌ ജീവനൊടുക്കി