അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി; അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി| Three died after speeding car hit two scooters in pala kottayam | Kerala
Last Updated:
അമ്മ ജോമോള്‍ സുനിലിന്റെ സംസ്കാരം കഴിഞ്ഞ ദിവസമായിരുന്നു
കോട്ടയം: അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി. ഗുരതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവിത്താനം അന്തീനാട് അല്ലപ്പാറ സ്വദേശിനിയായ പതിനൊന്നുവയസുകാരി അന്നമോളാണ് മരിച്ചത്. അന്നമോളുടെ അമ്മ ജോമോൾ സുനിൽ (35), മറ്റൊരു സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ജോമോളുടെ സംസ്കാരം ഇന്നലെയായിരുന്നു. ഓഗസ്റ്റ് 5ന് രാവിലെ 9.20നു പാലാ-തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപമാണ് അപകടം നടന്നത്.
പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 6-ാം ക്ലാസ് വിദ്യാർത്ഥിനിയായ അന്നമോളെ സ്കൂളിലേക്കു കൊണ്ടുവരുന്നതിനിടെയാണു ജോമോളുടെ സ്കൂട്ടറിൽ കാറിടിച്ചത്. മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കളക്ഷൻ ഏജന്റായ ധന്യ ജോലിക്കായി പോവുകയായിരുന്നു. 2 സ്കൂട്ടറുകളും ഇടിച്ചു തെറിപ്പിച്ച കാർ പിന്നീടു മതിലിൽ ഇടിച്ചാണ് നിന്നത്. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ 4 വിദ്യാർത്ഥികളാണു കാറിൽ ഉണ്ടായിരുന്നത്. അധ്യാപക പരിശീലനത്തിനായി കടനാട്ടിലെ സ്കൂളിലേക്കു പോകുകയായിരുന്നു ഇവർ. ഇവർക്ക് പരുക്കില്ല. കാറോടിച്ച ടിടിസി വിദ്യാർത്ഥി നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്തൂസ് ത്രിജിയെ (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇളന്തോട്ടം അമ്മിയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണു ജോമോൾ. പാലായിൽ പിക്കപ്പ് വാൻ ഡ്രൈവറാണു ഭർത്താവ് സുനിൽ. ധന്യയുടെ കുടുംബം മേലുകാവുമറ്റത്തു വാടകയ്ക്കു താമസിക്കുകയാണ്. ഇടമറുക് തട്ടാംപറമ്പിൽ കുടുംബാംഗമാണ് ധന്യ. മലേഷ്യയിലായിരുന്ന ഭർത്താവ് സന്തോഷ് നാട്ടിലെത്തി. മക്കൾ: ശ്രീഹരി (പ്ലസ്‌വൺ), ശ്രീനന്ദൻ (6-ാം ക്ലാസ്).
Kottayam,Kottayam,Kerala
August 08, 2025 2:12 PM IST
അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി; അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി