സുപ്രീം കോടതി ഉത്തരവ്; രാജ്യത്ത് വൈദ്യുതി നിരക്ക് ഉയര്‍ന്നേക്കും| Electricity bills to rise as Supreme Court directed states to clear decades-old dues to power distribution companies within four years | India
Last Updated:
രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് ഏതാണ്ട് 1.5 ലക്ഷം കോടി രൂപയിലധികം തുക വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്നാണ് കണക്ക്
വൈദ്യുതി വിതരണ കമ്പനികള്‍ക്ക് (ഡിസ്‌കോംസ്) നല്‍കാനുള്ള കുടിശ്ശിക നാല് വര്‍ഷത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ച് സുപ്രീം കോടതി വിധി. ഇതോടെ രാജ്യത്തുടനീളം വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള വര്‍ഷങ്ങളായി കുടിശ്ശികയുള്ള തുക തീര്‍പ്പാക്കണമെന്ന് ബുധനാഴ്ചയാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ഇതിനായി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കോടതി അംഗീകരിച്ചു. അതേസമയം, നിരക്ക് വര്‍ധന ന്യായമായിരിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ല് ചെലവേറിയതാകാന്‍ സാധ്യതയുണ്ട്.
റെഗുലേറ്ററി ആസ്തികള്‍ (നിയന്ത്രിത ആസ്തികള്‍) എന്ന വിഭാഗത്തിലാണ് വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തരംതിരിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി ഈ തുക തീർപ്പാക്കാതെ കുമിഞ്ഞുകൂടുകയാണ്. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് ഏതാണ്ട് 1.5 ലക്ഷം കോടി രൂപയിലധികം തുക വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്നാണ് കണക്ക്.
ജസ്റ്റിസുമാരായ പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കുടിശ്ശിക തീര്‍പ്പാക്കാന്‍ സമയപരിധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകള്‍ (എസ്ഇആര്‍സി) ഈ തുകകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള സമയബന്ധിതമായ മാര്‍ഗരേഖ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള മേല്‍നോട്ടം വഹിക്കാന്‍ ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ (എപിടിഇഎല്‍) കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വര്‍ഷങ്ങളായി നിയന്ത്രിത ആസ്തികള്‍ അനിയന്ത്രിതമായി കുമിഞ്ഞുകൂടുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതില്‍ റെഗുലേറ്ററി കമ്മീഷനുകളെയും അപ്പലേറ്റ് ട്രൈബ്യൂണലിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കുടിശ്ശിക ആത്യന്തികമായി ഉപഭോക്താക്കള്‍ക്കുമേല്‍ ഭാരമുണ്ടാക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. കമ്മീഷനുകളുടെ കാര്യക്ഷമമല്ലാത്തതും അനുചിതവുമായ പ്രവര്‍ത്തനം റെഗുലേറ്ററി പരാജയത്തിലേക്ക് നയിച്ചേക്കുമെന്നും കോടതി പറഞ്ഞു. നിയന്ത്രിത ആസ്തികളുടെ ശതമാനം നിയമപരമായ പരിധി കവിയരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
വൈദ്യുതി വിതരണ കമ്പനികള്‍ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ യഥാര്‍ത്ഥ വിലയും സംസ്ഥാന റെഗുലേറ്റര്‍മാര്‍ അംഗീകരിച്ച കുറഞ്ഞ വിലയ്ക്കും ഇടയിലുള്ള നഷ്ടത്തെയാണ് റെഗുലേറ്ററി ആസ്തികള്‍ എന്ന് സൂചിപ്പിക്കുന്നത്. ഉപഭോക്തൃ നിരക്കുകള്‍ താങ്ങാനാവുന്ന വിലയില്‍ നിലനിര്‍ത്താന്‍ റെഗുലേറ്റര്‍മാര്‍ പലപ്പോഴും ഈ തുക വിതരണ കമ്പനികള്‍ക്ക് നല്‍കുന്നത് മാറ്റിവയ്ക്കുന്നു. കാലക്രമേണ ഈ മാറ്റിവച്ച പേയ്‌മെന്റുകള്‍ പലിശ ആകര്‍ഷിക്കുകയും അത് വര്‍ദ്ധിച്ചുവരുന്ന ബാധ്യതകളായി മാറുകയും ചെയ്യുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള വൈദ്യുതി വിതരണ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കേസിന് ആധാരമായത്. എന്നാല്‍ സുപ്രീം കോടതി അതിന്റെ വ്യാപ്തി പരിശോധിക്കുകയും റെഗുലേറ്ററി ആസ്തികള്‍ തീര്‍പ്പാക്കാത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 17 വര്‍ഷമായി കെട്ടിക്കിടക്കുന്ന കുടിശ്ശിക ഇപ്പോള്‍ 20,000 കോടി രൂപയിലെത്തി. തമിഴ്‌നാട്ടില്‍ 2024-ലെ കുടിശ്ശിക മാത്രം ആകെ 87,000 കോടി രൂപയാണ്. വാദം കേള്‍ക്കുന്നതിനിടയില്‍ ആസ്തികള്‍ തീര്‍പ്പാക്കാത്ത എല്ലാ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി സുപ്രീം കോടതി കേസിന്റെ വ്യാപ്തി വിപുലീകരിക്കുകയായിരുന്നു.
നിരക്ക് ഘടനകള്‍ കൈകാര്യം ചെയ്യുന്നതിന് വൈദ്യുതി നിയമ പ്രകാരം മതിയായ അധികാരം പാര്‍ലമെന്റ് വൈദ്യുതി റെഗുലേറ്ററി അതോറിറ്റികള്‍ക്കും അപ്പലേറ്റ് ട്രൈബ്യൂണലിനും നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചു. എന്നാല്‍ ഈ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സമിതികള്‍ പരാജയപ്പെട്ടതിലുള്ള ഖേദവും കോടതി പ്രകടിപ്പിച്ചു. ഉപഭോക്താക്കളുടെ മേലുണ്ടാകുന്ന ഭാരം കുറയ്ക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും സുപ്രീം കോടതി സംസ്ഥാന കമ്മീഷനുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി വിവിധ കമ്മീഷനുകളും സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം മൂലം നിയന്ത്രിത ആസ്തികള്‍ വളരാന്‍ അനുവദിച്ചുവെന്ന് ടാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വെങ്കിടേഷ് ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. ഈ വിധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കളെ സഹായിച്ചേക്കാമെന്നാണ് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു അഭിഭാഷകനായ അശുതോഷ് കെ ശ്രീവാസ്തവ പറഞ്ഞത്. ഇപ്പോള്‍ നാല് വര്‍ഷത്തെ നിശ്ചിത കാലാവധിയുള്ളതിനാല്‍ ചെലവ് ക്രമേണ വിതരണം ചെയ്യും. നിരക്ക് ഒറ്റരാത്രികൊണ്ട് യൂണിറ്റിന് 2 രൂപയില്‍ നിന്ന് 4 രൂപയായി കുതിച്ചുയരുമെന്ന് അര്‍ത്ഥമാക്കുന്നില്ല. വര്‍ദ്ധനവ് നാമമാത്രമായിരിക്കും. ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക വിഭാഗങ്ങളെല്ലാം ഇത് പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.
New Delhi,New Delhi,Delhi
August 08, 2025 1:31 PM IST