ഡ്യൂട്ടിക്കിടെ വാർഡിലിരുന്ന് മദ്യപിച്ച് സര്‍ക്കാര്‍ ആശുപത്രി നഴ്‌സുമാര്‍; ഹിമാചൽ പ്രദേശിലെ സംഭവം പുറത്തുവന്നതിങ്ങനെ Government hospital nurses caught drinking alcohol in ward while on duty in Himachal Pradesh | India
Last Updated:
ആശുപത്രി പരിസരത്തുവെച്ച് നഴ്സുമാർ തുടര്‍ച്ചയായി രണ്ട് ദിവസം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി
ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ രാത്രി ഡ്യൂട്ടിക്കിടെ മദ്യപിച്ചു. ആശുപത്രി പരിസരത്തുവെച്ച് ഈ നഴ്‌സുമാര്‍ പുകവലിക്കുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി.
ഓഗസ്റ്റ് അഞ്ചിന് ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ട് വനിതാ നഴ്‌സുമാരാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചത്. ഇവരില്‍ ഒരാള്‍ ഛര്‍ദിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവം ആശങ്കയ്ക്ക് കാരണമായതിന് പിന്നാലെ ഇരുവര്‍ക്കുമെതിരേ അന്വേഷണം പ്രഖ്യാപിച്ചു.
മദ്യപിച്ച നിലയില്‍ കണ്ടെത്തിയ നഴ്സുമാരിൽ ഒരാൾ മെഡിക്കല്‍ വാര്‍ഡിലും രണ്ടാമത്തെയാള്‍ സര്‍ജിക്കല്‍ വാര്‍ഡിലുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രിയിലെ ഷിഫ്റ്റില്‍ ഇരുവരും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരു നഴ്‌സ് ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ വിഷയം പുറത്തുവന്നതോടെ അത് റദ്ദാക്കി.
അന്വേഷണത്തില്‍ പിടിക്കപ്പെട്ട രണ്ട് നഴ്‌സുമാരും ആശുപത്രി പരിസരത്തുവെച്ച് തുടര്‍ച്ചയായി രണ്ട് ദിവസം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തതായി കണ്ടെത്തി.രോഗികളെയും ഉത്തരവാദിത്വങ്ങളും അവഗണിച്ച് ഓഗസ്റ്റ് നാലിന് രാത്രി ഇരുവരും സര്‍ജിക്കല്‍, മെഡിക്കല്‍ വാര്‍ഡുകളില്‍ വെച്ച് മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ട്രെയ്‌നി നഴ്‌സുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് രണ്ടു നഴ്‌സുമാര്‍ക്കുമാർക്കുമെതിരേ നടപടി സ്വീകരിച്ചത്. ആശുപത്രി കെട്ടിടത്തിനുള്ളില്‍ വെച്ച് നഴ്‌സുമാര്‍ രാത്രി പത്തിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ മദ്യപിച്ചതായി ഒരു ട്രെയിനി നഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ചതിന് പിന്നാലെ ഒരു നഴ്‌സ് ഛര്‍ദിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. അത് ആശുപത്രി ജീവനക്കാരില്‍ ആശങ്കയ്ക്ക് കാരണമാകുകയും ചെയ്തു.
സംഭവത്തില്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മേലുദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉന റീജിയണല്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജയ് മന്‍കോട്ടിയ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
New Delhi,Delhi
August 08, 2025 5:54 PM IST
ഡ്യൂട്ടിക്കിടെ വാർഡിലിരുന്ന് മദ്യപിച്ച് സര്‍ക്കാര്‍ ആശുപത്രി നഴ്‌സുമാര്‍; ഹിമാചൽ പ്രദേശിലെ സംഭവം പുറത്തുവന്നതിങ്ങനെ