Leading News Portal in Kerala

മയക്കുമരുന്നിന് പണത്തിനായി എച്ച്‌ഐവി ബാധിതയായ 17-കാരിയുടെ ലൈംഗികബന്ധം; 19 ഓളം പേര്‍ക്ക് എയ്ഡ്സ്|17-year-old girl sold her body for drugs transmitted HIV to over 19 men | India


Last Updated:

പെണ്‍കുട്ടിയുമായി ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരിൽ ചിലർ വിവാഹതിരാണെന്നും ഇതിനാൽ അവരുടെ ഭാര്യമാര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്നും പോസ്റ്റിൽ പറയുന്നു

News18News18
News18

മയക്കുമരുന്നിന് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്നിനു പണം കണ്ടെത്താനായി എന്തും ചെയ്യുന്ന ചെറുപ്പക്കാര്‍ നിരവധിയാണ്. സ്വന്തം വീട്ടുക്കാരെയോ സുഹൃത്തുക്കളെയോ കൊലപ്പെടുത്താനും സ്വന്തം ശരീരം തന്നെ വില്‍ക്കാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. അത്തരമൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ രാംനഗറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മയക്കുമരുന്നിന് പണം കണ്ടെത്താനായി എച്ച്‌ഐവി/എയ്ഡ്സ് രോഗ ബാധിതയായ 17-കാരി പെണ്‍കുട്ടി നിരവധി പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇതില്‍ 19 ഓളം പേര്‍ക്ക് പെൺകുട്ടിയുമായുള്ള സമ്പർക്കത്തിലൂടെ രോഗം പകര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നൈനിറ്റാള്‍ ജില്ലയിലെ ഗുലാര്‍ഘട്ടിയിലാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ നിരവധി പുരുഷന്മാരുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പലര്‍ക്കും പിന്നീട് എച്ചഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിലൂടെ ലഭിച്ച പണം പെണ്‍കുട്ടി മയക്കുമരുന്ന് വാങ്ങാനായി ഉപയോഗിച്ചുവെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുമായി ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാര്‍ക്ക് അവള്‍ ഒരു എയ്ഡ്‌സ് രോഗിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. പെണ്‍കുട്ടിയുടെ ഇരകളായ ചിലര്‍ വിവാഹിതരും ആയിരുന്നു. ഇത് അവരുടെ ഭാര്യമാര്‍ക്കും രോഗം പകരാന്‍ കാരണമായിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

പ്രദേശത്തെ നിരവധി യുവാക്കള്‍ക്ക് ആരോഗ്യ  പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. യുവാക്കള്‍ രാംദത്ത് ജോഷി ജോയിന്റ് ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററിനെ സമീപിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് ഇവർക്കെല്ലാം എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കും എച്ച്ഐവി ബാധിതയായ 17-കാരിയുമായി ബന്ധമുള്ളതായി കണ്ടെത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി ഹെറോയിന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. കൗണ്‍സിലിംഗിനിടെ അവള്‍ നിരവധി പുരുഷന്മാരുമായി മാസങ്ങളായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി.

സോഷ്യല്‍മീഡിയയില്‍ ഈ പോസ്റ്റിനോട് പലരും ഞെട്ടലോടെയാണ് പ്രതികരിച്ചത്. അതേസമയം, രോഗബാധിതരായ പുരുഷന്മാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനെ പലരും ചോദ്യം ചെയ്തു. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ചിലര്‍ പ്രതികരിച്ചു. വിവാഹിതരായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരെ വഞ്ചിച്ചുവെന്നും ഇത് അവര്‍ അര്‍ഹിക്കുന്നുവെന്നുമായിരുന്നു ഒരാള്‍ കുറിച്ചത്. ഇത്തരം ആളുകളോട് സഹതാപത്തിന്റെ ആവശ്യമില്ലെന്നും ഈ മോശക്കാരായ പുരുഷന്മാരെ വിവാഹം ചെയ്ത പാവപ്പെട്ട സ്ത്രീകള്‍ മാത്രമാണ് ഈ കേസില്‍ ഇരകളെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

നിരവധി പേര്‍ പ്രതികരിച്ചത് പുരുഷന്മാരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തും കുറ്റപ്പെടുത്തിയുമാണ്. അതേസമയം, അറിയാതെ ഇരകളായ അവരുടെ നിരപരാധികളായ ഭാര്യമാരോട് ചിലര്‍ സഹതാപവും പ്രകടിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മേഖലയിലെ ആരോഗ്യ വകുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചു. സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. അവിടെ രോഗ ബാധിതര്‍ക്ക് സൗജന്യ പരിശോധനയും മരുന്നുകളും ലഭ്യമാക്കി. രോഗനിര്‍ണയം നടത്തിയ എല്ലാ വ്യക്തികളുടെയും ഐഡന്റിറ്റി കര്‍ശനമായി രഹസ്യമായി സൂക്ഷിച്ചു.